' പിണറായി മലയാളികളെ പിന്നില്‍നിന്ന് കുത്തുകയാണ് '; എന്‍.പി.ആറില്‍ സര്‍ക്കാറിനെതിരെ ചെന്നിത്തല
Kerala News
' പിണറായി മലയാളികളെ പിന്നില്‍നിന്ന് കുത്തുകയാണ് '; എന്‍.പി.ആറില്‍ സര്‍ക്കാറിനെതിരെ ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th January 2020, 2:16 pm

തിരുവനന്തപുരം: ദേശീയ പൗരത്വ പട്ടികയില്‍ പിണറായി സര്‍ക്കാറിന്റേത് ഇരട്ടത്താപ്പ് നയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പരസ്യമായി എന്‍.പി.ആര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച ശേഷം രഹസ്യമായി പദ്ധതി നടപ്പാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

നിയമസഭയില്‍ അടക്കം നല്‍കിയ ഉറപ്പുകള്‍ കാറ്റില്‍ പറത്തി, മലയാളികളെ പിന്നില്‍നിന്ന് കുത്തുകയാണ് പിണറായി വിജയന്‍ ചെയ്യുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

” ദേശീയ പൗരത്വരജിസ്റ്ററുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് സെന്‍സസ് നടപടികളുമായി സംസ്ഥാന സെന്‍സസ് ഡയറക്ടറേറ്റ് മുന്നോട്ട് പോകുന്നത്. ഇപ്പോള്‍ നടത്തുന്ന സെന്‍സസ്, ബി.ജെ.പിയുടെ അജണ്ടയ്ക്ക് കീഴടങ്ങുകയാണെന്നും നിര്‍ത്തിവയ്ക്കണം എന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോഴാണ് സര്‍ക്കാര്‍ ആദ്യം പിന്നോക്കം പോയത്.” , ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

2021 ലെ സെന്‍സസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ഫീല്‍ഡ് ട്രെയ് നേഴ്‌സിനെ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് സര്‍ക്കാര്‍ കത്തയച്ചത് പിന്‍വാതിലിലൂടെ സെന്‍സസ് നടപ്പാക്കാനുള്ള ശ്രമമാണെന്നും ചെന്നിത്തല ആരോപിച്ചു. കോട്ടയം തഹസില്‍ദാര്‍ ഡിസംബര്‍ 30 ന് ഈ ആവശ്യം ഉന്നയിച്ച് അയച്ച കത്ത്. പുറത്തായിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.