| Friday, 2nd September 2016, 2:54 pm

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; ഫീസ് വര്‍ദ്ധനയ്ക്ക് പിന്നില്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മിലുള്ള ഒത്തുകളിയെന്ന് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാനേജ്‌മെന്റ് സീറ്റില്‍ കഴിഞ്ഞ വര്‍ഷം എട്ടര ലക്ഷം രൂപയായിരുന്ന ഫീസ് ഇത്തവണ 11 ലക്ഷമാക്കി ഉയര്‍ത്തിയത് പാവപ്പെട്ട വിദ്യാര്‍ഥികളെ കൊള്ളയടിക്കുന്നതിന് തുല്യമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി


തിരുവനന്തപുരം: സര്‍ക്കാരും സ്വാശ്രയ മാനേജ്‌മെന്റുകളും തമ്മിലുള്ള ഒത്തുകളിയിലൂടെയാണ് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എണ്‍പത് ശതമാനം സീറ്റുകളിലും കുത്തനെ ഫീസ് വര്‍ദ്ധിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ഇത് വിദ്യാര്‍ഥികളോടുള്ള വഞ്ചനയാണെന്നും മാനേജ്‌മെന്റുകള്‍ പിന്‍വാതില്‍ വഴി വാങ്ങിയിരുന്ന ക്യാപിറ്റേഷന്‍ ഫീസ് നിയമവിധേയമാക്കിക്കൊടുക്കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. കേരളാ മെറിറ്റിനേയും നീറ്റിനേയും രണ്ടായി കാണുന്നത് അന്യായമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

മാനേജ്‌മെന്റ് സീറ്റില്‍ കഴിഞ്ഞ വര്‍ഷം എട്ടര ലക്ഷം രൂപയായിരുന്ന ഫീസ് ഇത്തവണ 11 ലക്ഷമാക്കി ഉയര്‍ത്തിയത് പാവപ്പെട്ട വിദ്യാര്‍ഥികളെ കൊള്ളയടിക്കുന്നതിന് തുല്യമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളാ മെറിറ്റിലേയും നീറ്റ് മെറിറ്റിലേയും കുട്ടികളെ സര്‍ക്കാര്‍ മാനേജ്‌മെന്റിന് അടിയറ വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നീറ്റ് ലിസ്റ്റില്‍ നിന്നും പ്രവേശനം നല്‍കണമെന്ന സുപ്രീം കോടതി വിധിയോടെ ക്യപ്പിറ്റേഷന്‍ ഫീസ് വാങ്ങുന്നതിന് നിയന്ത്രണം വരുമെന്ന പേടിയിലായിരുന്ന മാനേജ്‌മെന്റുകള്‍ക്ക് നഷ്ടം നികത്തിക്കൊടുക്കുന്നതിനായി ജെയിംസ് കമ്മിറ്റിയെപ്പോലും നോക്കുകുത്തിയാക്കിയാണ് ഫീസ് വര്‍ദ്ധിപ്പിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യു.ഡി.എഫ് സര്‍ക്കാര്‍ ഏഴ് ശതമാനം വര്‍ദ്ധന മാത്രമാണ് ഫീസില്‍ വരുത്തിയതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒറ്റയടിക്ക് മെറിറ്റ് സീറ്റില്‍ 35 ശതമാനവും മാനേജ്‌മെന്റ് സീറ്റില്‍ 29 ശതമാനവും എന്‍.ആര്‍.ഐ സീറ്റില്‍ 20 ശതമാനവും വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.

ഉയര്‍ന്ന ഫീസ് നിശ്ചയിച്ചതിലൂടെ സാമ്പത്തികമായി ശേഷി കുറഞ്ഞ മിടുക്കന്‍മാര്‍ പിന്‍വാങ്ങുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

We use cookies to give you the best possible experience. Learn more