| Wednesday, 26th August 2020, 2:25 pm

വിശ്വാസ് മേത്തയല്ല, അവിശ്വാസ് മേത്തയാണ്; ചീഫ് സെക്രട്ടറിക്കെതിരെ ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ഗവര്‍ണ്ണര്‍ വിളിച്ചുവരുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ അട്ടിമറി സ്വര്‍ണക്കള്ളക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ആണെന്ന് ചെന്നിത്തല പറഞ്ഞു.

എം.എല്‍.എമാര്‍ക്ക് സെക്രട്ടറിയേറ്റില്‍ പ്രവേശിക്കാന്‍ പൊലീസിന്റെ അനുവാദം വേണോ എന്ന് ചോദിച്ച ചെന്നിത്തല എം.എല്‍.എമാര്‍ക്ക് ചീഫ് സെക്രട്ടറിയുടെ റാങ്കാണെന്നും അവരോട് അപമര്യാദയായി പെരുമാറുക, പിടിച്ചു തള്ളുക എന്നത് ശരിയല്ലെന്നും പറഞ്ഞു.

”ചീഫ് സെക്രട്ടറിയുടെ പേര് വിശ്വാസ് മേത്തയെന്നാണ്. ഇദ്ദേഹം ഇപ്പോള്‍ അവിശ്വാസ് മേത്തയാണ്. ചീഫ് സെക്രട്ടറി എല്ലാ ഉദ്യോഗസ്ഥരുടെയും നിയന്ത്രണമുള്ള ബ്യൂറോക്രസിയുടെ ഏറ്റവും മേല്‍ത്തട്ടിലുള്ളയാളാണ്. അദ്ദേഹമാണ് മാധ്യമപ്രവര്‍ത്തകരെ ഉന്തുകയും തള്ളുകയും ചെയ്തത്. സെക്രട്ടേറിയറ്റ് ഇരിക്കുന്ന സ്ഥലത്തെ എം.എല്‍.എയാണ് ശിവകുമാര്‍. തങ്ങളെ കയറ്റുന്നില്ലെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞപ്പോഴാണ് ഞങ്ങള്‍ വന്നത്. എം.എല്‍.എമാര്‍ക്ക് സെക്രട്ടറിയേറ്റില്‍ പ്രവേശിക്കാന്‍ പൊലീസിന്റെ അനുവാദം വേണോ. എം.എല്‍.എക്ക് ചീഫ് സെക്രട്ടറിയുടെ റാങ്കാണ്. അവരോട് അപമര്യാദയായി പെരുമാറുക, പിടിച്ചു തള്ളുക എന്നത് ശരിയല്ല. അതിനാലാണ് വരേണ്ടി വന്നതും കുത്തിയിരിക്കേണ്ടി വന്നതും’, ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

സെന്റട്രലൈസ്ഡ് എ.സി സംവിധാനം ഉള്ളിടത്ത് എന്തിനാണ് ഫാന്‍ എന്നും അത് കെട്ടിത്തൂക്കിയതാണെന്നും ചെന്നിത്തല ആരോപിച്ചു.

‘പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലാണ് തീപിടിത്തം ഉണ്ടായത്. അവിടെ തീപിടിക്കാനുള്ള ഒരു സാഹചര്യവും ഞങ്ങള്‍ കണ്ടില്ല. സെന്‍ട്രലൈസ്ഡ് എ.സി ഉള്ളിടത്ത് എന്തിനാണ് ഫാന്‍. അത് കെട്ടിത്തൂക്കിയതാണ്. അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകളാണ് അവിടെ സൂക്ഷിച്ചിരിക്കുന്നത്. ഈ ഫയലുകള്‍ നശിപ്പിച്ചത് സ്വപ്ന സുരേഷിനെ രക്ഷിക്കാനാണ്’, – ചെന്നിത്തല പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS:  chennithala against chief-secretary

We use cookies to give you the best possible experience. Learn more