തിരുവനന്തപുരം: പ്രതിപക്ഷം ഉന്നയിച്ച ഓരോ ആരോപണങ്ങളിലും തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം. ശിവ ശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നിലപാട് ദുരൂഹമാണെന്നും ഇപ്പോള്‍ ശിവശങ്കറിനെതിരെ നടപടി സ്വീകരിക്കുന്നത് കാര്യങ്ങള്‍ തന്നിലേക്ക് നീങ്ങുമെന്ന് ഭയക്കുന്നതിനാലെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം മുഖ്യമന്ത്രി ശരിവെക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ബെവ് കോ നിയമനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അഴിമതി ചൂണ്ടിക്കാണിച്ചപ്പോഴും മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നും ചെന്നിത്തല ആരോപിച്ചു.
‘ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നിലപാട് ദുരൂഹമാണ്. ഇപ്പോള്‍ ശിവശങ്കറിനെതിരെ നടപടി സ്വീകരിക്കുന്നത് കാര്യങ്ങള്‍ തന്നിലേക്ക് നീങ്ങുമെന്ന് ഭയക്കുന്നതിനാലാണ്. ബെവ് കോ നിയമനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അഴിമതി ചൂണ്ടിക്കാണിച്ചപ്പോഴും മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചു,’ ചെന്നിത്തല പറഞ്ഞു.
കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ഇത് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
‘കേസില്‍ സി.ബി.ഐ അന്വേഷണം വേണം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ഉണ്ടോ?,”ചെന്നിത്തല ചോദിച്ചു.
സ്പ്രിംക്‌ളര്‍ അഴിമതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ എന്തുകൊണ്ട് സെക്രട്ടറിയെ മാറ്റിനിര്‍ത്തിയില്ല എന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിക്കൊണ്ടിരിക്കുന്ന ഗുരുതരമായ അഴിമതിയും തീവെട്ടിക്കൊള്ളയും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോഴൊക്കെ മുഖ്യമന്ത്രി പരിഹസിക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു.
‘മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കള്ളക്കടത്ത് കേസിലെ പ്രതിയെ രക്ഷിക്കാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുമ്പോള്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. തന്റെ ഓഫീസിന്റെ മേല്‍ കുറ്റം ചാര്‍ത്താന്‍ കുറേ പേര്‍ ഇറങ്ങിതിരിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ഓഫീസ് നടത്തിക്കൊണ്ടിരിക്കുന്ന ഗുരുതരമായ അഴിമതിയും തീവെട്ടിക്കൊള്ളയും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോഴൊക്കെ മുഖ്യമന്ത്രി പരിഹസിക്കുകയാണ് ചെയ്തത്,’ചെന്നിത്തല പറഞ്ഞു.
ഇപ്പോള്‍ തെളിവുകളോട് കൂടി വസ്തുതകളെല്ലാം പുറത്തു വന്നിരിക്കുകയാണ്. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി ഇടപെടുമ്പോള്‍ അതിന്റെ ഗൗരവം എത്രമാത്രം ഉണ്ട് എന്ന് കേരള സമൂഹം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇതു പോലെയുള്ള അവതാരങ്ങള്‍ എങ്ങനെ വന്നുവെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം. ഇതിന്റെ പിന്നിലെ യഥാര്‍ത്ഥ സംഭവങ്ങളെ പുറത്ത് പറയാന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കരന്റെ സ്വഭാവവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ വരുമ്പോള്‍ ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ സ്വഭാവം സംബന്ധിച്ച ഡെയ്‌ലി റിപ്പോര്‍ട്ട് വരാറില്ലേ എന്നും ചെന്നിത്തല ചോദിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ