| Tuesday, 29th October 2019, 11:10 pm

അരിവാള്‍ പാര്‍ട്ടിക്കാരാണെങ്കില്‍ എന്തും ചെയ്യാം എന്നാണോ? പി.എസ്.സി തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് സര്‍ക്കാരിന്റെ വീഴ്ചകൊണ്ടെന്ന് രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ കുംഭകോണ കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിക്കാത്തത് ഗുരുതരമായ വീഴ്ചയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

യൂണിവേഴ്‌സിറ്റി കുത്തുകേസിലെ പ്രതിക്കും പി.എസ്.സി പരീക്ഷാ തട്ടിപ്പിന് നേതൃത്വം കൊടുത്ത പ്രതിക്കും ജാമ്യം ലഭിച്ച നടപടി ഞെട്ടിപ്പിക്കുന്നതാണെന്നും കുറ്റപത്രം സമര്‍പ്പിക്കാത്തതുകൊണ്ടാണ് ജാമ്യം ലഭിച്ചതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

’90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം, അങ്ങനെ ചെയ്തില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കും’ രമേശ് ചെന്നിത്തല പറഞ്ഞു.

എന്ത് ഭരണമാണിതെന്നും അരിവാള്‍ പാര്‍ട്ടിക്കാരാണെങ്കില്‍ എന്തും ചെയ്യാമെന്ന നിലയിലാണോ കാര്യങ്ങള്‍ പോകുന്നതെന്നും ചെന്നിത്തല ചോദിച്ചു.

ഇത്രയും വലിയൊരു ക്രമക്കേട് നടന്നിട്ടും അതില്‍ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നത് പൊലീസിന്റെ മാത്രമല്ല സര്‍ക്കാരിന്റെ കൂടി വീഴ്ചയാണെന്നും ചെന്നിത്തല ആരോപിച്ചു.

സര്‍ക്കാരും മുഖ്യമന്ത്രിയുമറിയാതെ ഇങ്ങനൊരു സംഗതി ഉണ്ടാവുമോ എന്നും മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്നും ചെന്നിത്തല പറഞ്ഞു.

പ്രതികളെ വെറുതെ വിട്ട നടപടി പോലുള്ള നിയമവാഴ്ചയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇത്തരം നടപടികള്‍ക്കെതിരേ ജനങ്ങള്‍ പ്രതികരിക്കേണ്ടതുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more