| Thursday, 23rd August 2018, 3:41 pm

മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധം; ചെറുതോണി ഒഴികെ എവിടേയും ജാഗ്രത നല്‍കിയില്ല: പിണറായിക്കെതിരെ വീണ്ടും ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ പത്രസമ്മേളനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകള്‍ വാസ്തവിരുദ്ധമാണന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

വീഴ്ചകളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും ഡാമുകള്‍ തുറക്കുന്നതിന് മുന്‍പ് ചെറുതോണിയില്‍ മാത്രമാണ് മുന്നറിയിപ്പ് നല്‍കിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഡാം തുറക്കേണ്ടത് അനിവാര്യമായിരിക്കുന്നു എന്ന് ഞാന്‍ പറഞ്ഞിരുന്നു. ഡാം നേരത്തെ തന്നെ തുറക്കണമെന്ന് തന്നെയാണ് ഞാന്‍ അന്നും ഇന്നും പറയുന്നത്.

അന്ന് തുറന്ന് വെച്ചിരുന്നെങ്കില്‍ ഇത്രയും ദുരന്തമുണ്ടാകില്ലന്ന് തന്നെയാണ് പറഞ്ഞത്. മുഖ്യമന്ത്രി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ചെറുതോണി ഒഴികെ മറ്റൊരിടത്തും മുന്നറിയിപ്പ് കിട്ടിയില്ലെന്ന് ഞാന്‍ അന്നും പറഞ്ഞിരുന്നു.

സ്വന്തം വീഴ്ചയെ മറച്ചുപിടിച്ചത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പിണറായി. എന്റെ ബൈറ്റ് മാധ്യമങ്ങള്‍ നോക്കണം. ചെറുതോണിയുടെ ഇരുകരകളിലുള്ളവരെ മാറ്റി. അത് ശരിയാണ്. പക്ഷേ മറ്റേതെങ്കിലും സ്ഥലത്ത് ഇതുപോലെ ഉണ്ടായിട്ടുണ്ടോ?

ഓഗസ്റ്റ്15 രാത്രി 7 30 നാണ് സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിലും മഴ ഉള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞ് പോസ്റ്റിട്ടു.

പ്രധാനപ്പെട്ട എല്ലാ ഡാമുകളും തുറന്നുവിട്ടിട്ടുണ്ടെന്നും കുട്ടികള്‍ വെള്ളക്കെട്ടില്‍ പോകാതെ ശ്രദ്ധിക്കണമെന്നുമാണ് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞത്. തലക്ക് മീതെ വെള്ളം വന്ന് ജനങ്ങള്‍ പരക്കം പായുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ പോസ്റ്റ്. നദീതീരത്ത് പോകരുതെന്ന് അദ്ദേഹം പോസ്റ്റിട്ട ആ രാത്രിയില്‍ തന്നെയാണ് 1 നില ഉയരത്തില്‍ വീടുകളില്‍ വെള്ളം കയറിയത്.

ഡാമുകള്‍ അശാസ്ത്രീയമായി തുറന്ന് വിട്ടത് തന്നെയാണ് ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിന് കാരണം. മുഖ്യമന്ത്രി പറയുന്ന ഈ അലര്‍ട്ട് ചെറുതോണി ഒഴിച്ച് ഒരാളും അറിഞ്ഞില്ല. രാത്രിയിലേക്ക് വീടുകളിലേക്ക് വെള്ളം ഇരച്ചുകയറിയപ്പോള്‍ ഉടുതുണിക്ക് മറുതുണി പോലും എടുക്കാന്‍ സാവകാശം ലഭിക്കാതെ മട്ടുപ്പാവിലേക്ക് ഓടിക്കയറുകയാണ് ആളുകള്‍ ചെയ്തത്. റാന്നിയില്‍ രാത്രി 1 മണിക്കാണ് മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തിയത്. ആളുകള്‍ കിടന്നുറങ്ങുന്ന സമയത്ത്.

ഓറഞ്ച് റെഡ് അലര്‍ട്ട് നല്‍കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഒന്നും പാലിച്ചില്ലെന്നും ഇതൊന്നും അറിയില്ലെങ്കില്‍ വാട്ടര്‍ കമ്മീഷന്റെ ഗെയ്ഡ് ലൈന്‍ മുഖ്യമന്ത്രി വായിച്ചു നോക്കേണ്ടതുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

2397 ആയപ്പോള്‍ തുറക്കണമെന്ന് മണി പറഞ്ഞപ്പോള്‍ മാത്യു.ടി തോമസ് എതിര്‍ത്തു എന്ന് ഇന്നലെ ഞാന്‍ പറഞ്ഞത് എന്റെ ഭാവനാ സൃഷ്ടിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

മണിയും മാത്യു ടി തോമസ് പറഞ്ഞതും എന്റെ ഭാവനാസൃഷ്ടിയാണോ? അത് നിങ്ങള്‍ക്ക് പരിശോധിക്കാം. അവര്‍ പറഞ്ഞതിന്റെ പത്രക്കട്ടിങ്ങുകള്‍ എന്റെ കയ്യിലുണ്ട്.

ബാണാസുര സാഗര്‍ എപ്പോഴും തുറന്ന് വിടുന്ന അണക്കെട്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ എപ്പോഴും തുറന്നുവിടുന്ന ഡാം കേരളത്തില്‍ എവിടേയുമില്ല.

ബാണാസുര സാഗര്‍ മുന്നറിയിപ്പില്ലാതെ തുറന്നു എന്നത് പ്രശ്മല്ല എന്ന് മുഖ്യമന്ത്രി പറയുന്നു. മുന്നറിയിപ്പില്ലാതെ തുറന്നത് വീഴ്ചയാണെന്ന് സി.പി.ഐ.എമ്മുകാരും കളക്ടറും പറഞ്ഞെങ്കിലും അത് ചെവിക്കൊള്ളാന്‍ തയ്യാറാകാതെ ഉദ്യോഗസ്ഥന്‍മാര്‍ എഴുതിക്കൊടുക്കുന്നത് മാത്രം കണക്കാക്കുകയാണ് പിണറായിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അദ്ദേഹം എന്തെല്ലാം വാദങ്ങള്‍ നിരത്തിയാലും ജനങ്ങള്‍ അതൊന്നും അംഗീകരിക്കാന്‍ പോകുന്നില്ല. രണ്ട് ലക്ഷത്തോളം ആളുകളെ ക്യാമ്പില്‍ എത്തിച്ചതിന്റെ ഉത്തരവാദിത്തതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ അദ്ദേഹത്തിന് ആവില്ല. 350 ഓളം ആളുകള്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു.

സ്വന്തം വീഴ്ചകള്‍ മറച്ചുവെക്കാന്‍ വേണ്ടി കണക്കുകള്‍ ഉദ്ധരിച്ച് ചില കാര്യങ്ങള്‍ പറയുകയായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more