[]തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി പദത്തിന് എല്ലാതരത്തിലും യോഗ്യനാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍.
എ.ഐ.സി.സി നിര്‍ദ്ദേശ പ്രകാരമാണ് രമേശ് ചെന്നിത്തല മന്ത്രിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മേഖലകളിലും കഴിവ് തെളിയിച്ചയാളാണ് രമേശ് ചെന്നിത്തല. പ്രത്യേക സാഹചര്യത്തിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആഭ്യന്തര മന്ത്രിസ്ഥാനത്തു നിന്നും മാറ്റേണ്ടി വരുന്നത്. മറ്റേതെങ്കിലും ഉചിതമായ സ്ഥാനം തിരുവഞ്ചൂരിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയുടെ വിപുലമായ അഴിച്ചുപണി നിയമസഭാ സമ്മേളനത്തിന് ശേഷം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസിലെ മറ്റ് പ്രമുഖ നേതാക്കള്‍ രമേശിന്റെ മന്ത്രിസഭാ പ്രവേശനത്തെ കുറിച്ചും തിരുവഞ്ചൂരിന്റെ സ്ഥാനമാറ്റത്തെ കുറിച്ചും പ്രതികരിക്കാന്‍ തയ്യാറായില്ല.
രമേശിന് ആഭ്യന്തരവകുപ്പ് നല്‍കുമോ എന്ന ചോദ്യത്തിനോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. വകുപ്പുകള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തന്റെ ആഭ്യന്തരമന്ത്രി പദത്തെ കുറിച്ച വ്യക്തമായ ഉത്തരം രമേശ് ചെന്നിത്തലയും നല്‍കിയില്ല.
ഇത് സംബന്ധിച്ച തീരുമാനം നേതൃത്വം കൈക്കൊള്ളുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. തന്നെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തയ്യാറായില്ല.
പതിനൊന്ന് മണിക്ക് പി.ആര്‍ ചേംബറില്‍ വച്ച് മാധ്യമങ്ങളെ കാണുമെന്നും അപ്പോള്‍ എല്ലാ കാര്യവും പറയാമെന്നുമായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. എല്ലാകാര്യവും കെ.പി.സി.സി പ്രസിഡണ്ടും മുഖ്യമന്ത്രിയും പറയുമെന്നായിരുന്നു എ.കെ ആന്റണിയുടെ മറുപടി.