| Monday, 30th October 2023, 8:04 am

അഞ്ചടിച്ച് സൂപ്പര്‍ മച്ചാന്‍സ്; പുതുമുഖങ്ങള്‍ക്ക് കണ്ണുനീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എസ്.എല്ലില്‍ ചെന്നൈയിന്‍ എഫ്.സിക്ക് തകര്‍പ്പന്‍ ജയം. പുതുമുഖങ്ങളായ പഞ്ചാബ് എഫ്.സിയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് സൂപ്പര്‍ മച്ചാന്‍സ് തകര്‍ത്ത് വിട്ടത്.

ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ കണ്ട മത്സരം കൂടിയായിരുന്നു ഇത്. ആറ് ഗോളുകളാണ് മത്സരത്തില്‍ പിറന്നത്.

പഞ്ചാബ് എഫ്.സിയുടെ ഹോം ഗ്രൗണ്ടായ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 4-2-3-1 എന്ന ശൈലിയിലായിരുന്നു ചെന്നൈ അണിനിരന്നത്. മറുഭാഗത്ത് 4-3-3 എന്ന ഫോര്‍മേഷനിലാണ് പഞ്ചാബ് കളത്തിലിറങ്ങിയത്.

മത്സരത്തിന്റെ 24ാം മിനിട്ടില്‍ റയാന്‍ എഡ്വെര്‍ഡ്‌സ് ആണ് ചെന്നൈയുടെ ഗോളടി മേളക്ക് തുടക്കം കുറിച്ചത്. കന്നോര്‍ ഷീല്‍ഡ്‌സ് (27′, 56′) റാഫേല്‍ ക്രിവല്ലാറോ (45+1′), വിന്‍സി ബെറേറ്റോ (84′) എന്നിവരാണ് മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍.

അതേസമയം കൃഷ്ണാനന്ത സിങ്ങിന്റെ വകയായിരുന്നു പഞ്ചാബിന്റെ ആശ്വാസഗോള്‍.

മത്സരത്തിന്റെ 48ാം മിനിട്ടില്‍ പഞ്ചാബ് താരം മേല്‍റോയ് മെല്‍വിന്‍ അസിസ്റ്റ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയി. പിന്നീടുള്ള നിമിഷങ്ങളില്‍ പഞ്ചാബ് പത്ത് പേരായി ചുരുങ്ങുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 5-1ന്റെ മിന്നും വിജയം ചെന്നൈ സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയവും മൂന്ന് തോല്‍വിയുമടക്കം ആറ് പോയിന്റുമായി ആറാം സ്ഥാനത്താണ് സൂപ്പര്‍ മച്ചാന്‍സ്.

അതേസമയം അഞ്ച് മത്സരങ്ങളില്‍ രണ്ട് സമനിലയും മൂന്ന് തോല്‍വിയും അടക്കം 11ാം സ്ഥാനത്താണ് പഞ്ചാബ്.

നവംബര്‍ അഞ്ചിന് ഗോവക്കെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. അതേസമയം പഞ്ചാബ് നവംബര്‍ രണ്ടിന് മുംബൈ സിറ്റിയെയും നേരിടും.

Content Highlight: Chennaiyin fc won against Punjab fc in ISL.

Latest Stories

We use cookies to give you the best possible experience. Learn more