സമനിലയിലേക്കുള്ള മലയാളി താരത്തിന്റെ ഗോള്‍ഡന്‍ ടച്ച്; അവസാന 10 മിനിട്ടില്‍ ഗോള്‍കീപ്പറില്ലാതെ ചെന്നൈ; ബെംഗളൂരുവിനെതിരെ ചെറുത്തുനില്‍പ്പ്
Sports News
സമനിലയിലേക്കുള്ള മലയാളി താരത്തിന്റെ ഗോള്‍ഡന്‍ ടച്ച്; അവസാന 10 മിനിട്ടില്‍ ഗോള്‍കീപ്പറില്ലാതെ ചെന്നൈ; ബെംഗളൂരുവിനെതിരെ ചെറുത്തുനില്‍പ്പ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 14th October 2022, 11:03 pm

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വെള്ളിയാഴ്ച നടന്ന ചെന്നൈ- ബെംഗളൂരു മത്സരം സമനിലയില്‍ അവസാനിക്കുമ്പോള്‍ ഒരു മലയാളി ടച്ച് മത്സരം ബാക്കിവെക്കുന്നുണ്ട്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയ മത്സരത്തില്‍ സമനില ഗോള്‍ നേടിയത് മലയാളി താരമായ പ്രശാന്ത് ആയിരുന്നു.

മത്സരം ആരംഭിച്ച് നാലാം മിനിട്ടില്‍ റോയ് കൃഷ്ണയുടെ ബെംഗളൂരു മുന്നിലെത്തുകയായിരുന്നു. തുടര്‍ന്ന്
ചെന്നൈ അക്രമം അഴിച്ചുവിട്ടെങ്കിലും ബെംഗളൂരുവിന്റെ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീതിന്റെ മിന്നും പ്രകടനം അവര്‍ക്ക് ഭീഷണിയായി.

പിന്നീട് ആദ്യ പകുതിയിലെ അധിക സമയത്തില്‍ മലയാളി താരം പ്രശാന്ത് ചെന്നൈക്കായി സമനില ഗോള്‍ നേടുകയായിരുന്നു. രണ്ടാം പകുതിയില്‍ ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ഗോളായില്ല.

മത്സരത്തിലുടനീളം 15 ഷോട്ടുകളാണ് ചെന്നൈയില്‍ പായിച്ചതെങ്കില്‍ ഏഴ് ഷോട്ടുകള്‍ മാത്രമാണ് ബെംഗളൂരു തൊടുത്തത്. പന്ത് കൈവശം വെക്കുന്നതിന്റെ കാര്യത്തിലും ചെന്നൈയിന്‍ തന്നെയായിരുന്നു മുന്നില്‍.

കളിയുടെ 83ാം മിനിട്ടില്‍ ചെന്നൈയിന്റെ ഗോള്‍ കീപ്പര്‍ ദബ്ജിത്ത് ചുവപ്പുകാര്‍ഡ് കണ്ട് പുറത്താകുന്നതിനും മത്സരം സാക്ഷിയായി. അവസാന 10 മിനിറ്റ് ഗോള്‍കീപ്പറില്ലാതെ 10 പേരായി ചുരുങ്ങിയിട്ടും ബെംഗളൂരു എഫ്.സിയെ സമനിലയില്‍ തളക്കാന്‍ ചെന്നൈക്കായി.

രണ്ട് കളികളില്‍ ഒരു ജയവും ഒരു സമനിലയുമായി ചെന്നൈ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. നാല് പോയിന്റുള്ള ബെംഗളൂരു മൂന്നാം സ്ഥാനത്താണ്. രണ്ട് കളികളില്‍ നാല് പോയിന്റുള്ള ഹൈദരാബാദാണ് ഒന്നാമത്. ഒരു കളിയില്‍ മൂന്ന് പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്‌സ് നാലാമതാണ്.