| Tuesday, 29th May 2018, 10:25 am

'നിങ്ങളിങ്ങനെ വാശി പിടിക്കാതെ എന്നോടൊപ്പം കളിക്കൂ'; കിരീടദാനചടങ്ങിനിടെ താരങ്ങളുടെ കുട്ടികളോടൊപ്പം കളിച്ച് ഐ.പി.എല്‍ ഒഫീഷ്യല്‍, വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: മൂന്നാം കീരിടത്തില്‍ ചെന്നൈ മുത്തമിട്ടപ്പോള്‍ ഏവരെയും ആകര്‍ഷിച്ചത് ടീമംഗങ്ങളുടെ കുടുംബത്തോടൊപ്പമുള്ള ആഘോഷങ്ങളായിരുന്നു. ധോണിയുടെയും റെയ്‌നയുടെയും ഹര്‍ഭജന്റെയും ഇമ്രാന്‍ താഹിറിന്റെയുമെല്ലാം മക്കളുടെ പവലിയനിലെ കളികള്‍ നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

നേരത്തെ ടീമംഗങ്ങള്‍ കിരീടനേട്ടം ആഘോഷിക്കുമ്പോള്‍ ധോണി സിവയെ കൊഞ്ചിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ താരങ്ങളുടെ മക്കളെ കൊഞ്ചിപ്പിക്കുന്ന ഐ.പി.എല്‍ ഓഫീഷ്യലിന്റെ വീഡിയോയും പുറത്ത് വന്നിരിക്കുകയാണ്.

ചെന്നൈ താരങ്ങള്‍ പ്രസന്റേഷന്‍ ചടങ്ങില്‍ മുഴുകിയിരിക്കുമ്പോള്‍ ധോണിയുടെയും റെയ്‌നയുടെയും മക്കളടക്കമുള്ളര്‍ക്കൊപ്പം കളിക്കുന്ന ഐ.പി.എല്‍ ഒഫിഷ്യലായ പ്രഭാകരന്‍ എന്നയാളുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അനിരുദ്ധ് ചൗധരിയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

” ജോലി ലളിതായി കൊണ്ടുപോകാന്‍ ഐ.പി.എല്‍ ഓഫീഷ്യല്‍സ് വൈവിധ്യമാര്‍ന്ന എത്ര ജോലികളാണ് ചെയ്യുന്നത്. സമ്മാനദാന ചടങ്ങ് നടന്നുകൊണ്ടിരിക്കെ അച്ഛന്‍മാരെ കാണാന്‍ വാശിപിടിക്കുന്ന കുട്ടികളോടൊപ്പം കളിക്കുന്ന പ്രഭാകരനെ നോക്കൂ…”- എന്നായിരുന്നു അനിരുദ്ധ് ചൗധരിയുടെ ട്വീറ്റ്.

ആവേശകരമായ കലാശപ്പോരാട്ടത്തില്‍ 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ചെന്നൈ നേടിയത്. ഷെയിന്‍ വാട്‌സണ്‍ പുറത്താകാതെ നേടിയ 117 റണ്‍സിന്റെ ബലത്തിലാണ് ചെന്നൈ ഹൈദരാബാദ് നല്‍കിയ 179 റണ്‍സ് വിജയ ലക്ഷ്യം മറികടന്നത്. ഇത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മൂന്നാം ഐ.പി.എല്‍ കിരീടമാണ്.

Latest Stories

We use cookies to give you the best possible experience. Learn more