| Wednesday, 12th April 2023, 11:50 pm

'ധോണിയുടെ കണ്ണീര്‍' ലൈവായി കണ്ടത് 2.2 കോടി പേര്‍; ഐ.പി.എല്‍ 2023ന്റെ ഏറ്റവും വലിയ വ്യൂവേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 17ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ മടയയിലെത്തി തോല്‍പിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മൂന്ന് റണ്‍സിനാണ് രാജസ്ഥാന്‍ തോല്‍പിച്ചുവിട്ടത്.

സന്ദീപ് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ വിജയിക്കാന്‍ 21 റണ്‍സ് വേണമെന്നിരിക്കെ ചെന്നൈക്ക് 17 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ.

അവസാന രണ്ട് ഓവറില്‍ വിജയിക്കാന്‍ 40 റണ്‍സ് വേണമെന്നിരിക്കെ ധോണി – ജഡേജ കോംബോ മികച്ച രീതിയില്‍ ആക്രമിച്ചുകളിച്ചെങ്കിലും വിജയം മാത്രം അകന്നുനിന്നു. ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ 19ാം ഓവറില്‍ 19 റണ്‍സാണ് പിറന്നത്. രണ്ട് സിക്‌സറുമായി രവീന്ദ്ര ജഡേജ കളം നിറഞ്ഞാടിയതോടെ ശ്മശാന മൂകമായിരുന്ന ചെപ്പോക്കിന് ജീവന്‍ വെച്ചു.

സന്ദീപ് ശര്‍മയുടെ അവസാന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 21 റണ്‍സാണ്. ആദ്യ രണ്ട് ഓവറിലും സന്ദീപ് ശര്‍മ വൈഡ് എറിഞ്ഞതോടെ ആറ് പന്തില്‍ ധോണിപ്പടക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത് 19 റണ്‍സായിരുന്നു.

സന്ദീപ് ശര്‍മയുടെ പന്തിലും ധോണി രണ്ട് സിക്‌സര്‍ പറത്തിയതോടെ ആരാധകര്‍ നഖം കടിച്ചുതുടങ്ങി. ഐ.പി.എല്ലിലെ ലാസ്റ്റ് ഓവര്‍ ത്രില്ലറിലേക്കായിരുന്നു ധോണിയും ജഡേജയും കൂടി മത്സരത്തെ കൊണ്ടുചെന്നെത്തിച്ചത്. ഒടുവില്‍ അവസാന പന്തില്‍ വിജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ ഒരു സിംഗിള്‍ മാത്രമേ ധോണിക്ക് നേടാന്‍ സാധിച്ചുള്ളൂ.

ചെന്നൈ-രാജസ്ഥാന്‍ മത്സരത്തിന്റെ അവസാന നിമിഷങ്ങള്‍ക്ക് റെക്കോഡ് ഓഡിയന്‍സായിരുന്നു ഉണ്ടായിരുന്നത്. ജിയോ സിനിമയില്‍ മാത്രം 2.2 കോടി ആളുകളാണ് മത്സരം കണ്ടത്. ഇതോടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മത്സരത്തിലെ 1.8 കോടിയുടെ റെക്കോഡും തകര്‍ന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഡെവോണ്‍ കോണ്‍വേ അര്‍ധ സെഞ്ച്വറി നേടി. 38 പന്തില്‍ നിന്നും 50 റണ്‍സാണ് താരം നേടിയത്. ഇതിന് പുറമെ 19 പന്തില്‍ നിന്നും 31 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയുടെയും 17 പന്തില്‍ നിന്നും 32 റണ്‍സ് നേടിയ ധോണിയുടെയും 15 പന്തില്‍ നിന്നും 25 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെയും പ്രകടനമാണ് മത്സരം അവസാന പന്തുവരെ കൊണ്ടുചെന്നെത്തിച്ചത്.

രാജസ്ഥാന്‍ റോയല്‍സിനായി യൂസ്വേന്ദ്ര ചഹലും ആര്‍. അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആദം സാംപയും സന്ദീപ് ശര്‍മയും ഓരോ വിക്കറ്റ് വീതവും നേടി.

Content highlight: Chennai Super Kings vs Rajasthan Royals match was watched live by 2.2 crore people

We use cookies to give you the best possible experience. Learn more