അബുദാബി: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഐ.പി.എല്ലില്‍ വീണ്ടും തോല്‍വി. രാജസ്ഥാന്‍ റോയല്‍സ് ഏഴ് വിക്കറ്റിനാണ് ചെന്നൈയെ തോല്‍പ്പിച്ചത്. 126 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ ജോസ് ബട്‌ലറിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് മികവില്‍ ജയം സ്വന്തമാക്കുകയായിരുന്നു.
ബട്‌ലര്‍ 70 ഉം സ്മിത്ത് 26 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
അഞ്ച് ഓവറിനുള്ളില്‍ മൂന്നു വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. 11 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത ബെന്‍ സ്റ്റോക്ക്സാണ് ആദ്യം പുറത്തായത്. തൊട്ടടുത്ത ഓവറില്‍ റോബിന്‍ ഉത്തപ്പയും (4) മടങ്ങി. സഞ്ജു സാംസണ് ഈ മത്സരത്തിലും തിളങ്ങാനായില്ല. റണ്ണൊന്നുമെടുക്കാതെയാണ് സഞ്ജു പുറത്തായത്.
പവര്‍പ്ലേ ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയിലായിരുന്നു രാജസ്ഥാന്‍.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കണിശതയോടെ പന്തെറിഞ്ഞ രാജസ്ഥാന്‍ ബൗളര്‍മാരാണ് ചെന്നൈയെ 125-ല്‍ ഒതുക്കിയത്.
അഞ്ചാം വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്ത ധോണി-ജഡേജ സഖ്യമാണ് സൂപ്പര്‍ കിങ്സിനെ 100 കടത്തിയത്. 30 പന്തില്‍ നിന്ന് നാലു ബൗണ്ടറിയടക്കം 35 റണ്‍സെടുത്ത ജഡേജയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍. 28 പന്തുകള്‍ നേരിട്ട ധോണി 28 റണ്‍സെടുത്ത് പുറത്തായി.
നാല് ഓവറിനുള്ളില്‍ തന്നെ ഫാഫ് ഡുപ്ലെസി (10), ഷെയ്ന്‍ വാട്ട്സണ്‍ (8) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായ ചെന്നൈയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു.
25 പന്തില്‍ നിന്ന് 22 റണ്‍സ് മാത്രമെടുത്ത സാം കറനും ചെന്നൈ സ്‌കോറിങ്ങിനെ കാര്യമായി സഹായിക്കാനായില്ല. 19 പന്തുകള്‍ നേരിട്ട അമ്പാട്ടി റായുഡു 13 റണ്‍സുമായി മടങ്ങി. 17-ാം ഓവറിലാണ് ചെന്നൈക്ക് 100 റണ്‍സ് തികയ്ക്കാനായത്.
രാജസ്ഥാനായി നാല് ഓവര്‍ എറിഞ്ഞ ശ്രേയസ് ഗോപാല്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. നാല് ഓവര്‍ എറിഞ്ഞ രാഹുല്‍ തെവാട്ടിയ 18 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. ജോഫ്ര ആര്‍ച്ചര്‍ നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Chennai Super Kings vs Rajastan Royals IPL 2020