| Wednesday, 11th April 2018, 12:04 am

ഇത് താണ്ടാ ചെന്നൈ; കൊല്‍ക്കത്തയ്‌ക്കെതിരെ സുപ്പര്‍കിംങ്‌സിന് തകര്‍പ്പന്‍ ജയം

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആതിഥേയരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തകര്‍പ്പന്‍ ജയം. 203 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈ 5 വിക്കറ്റ് നഷ്ടത്തില്‍ 1 പന്ത് ബാക്കിനില്‍ക്കെയാണ് ലക്ഷ്യം മറികടകടന്നത്. അവസാന ഓവര്‍വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ ബ്രോവോയും ജഡേജയും കൂടിയാണ് കൊല്‍ക്കത്തയുടെ തോല്‍വി ഉറപ്പാക്കിയത്. വിനയ് കുമാര്‍ എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്ത് സിക്സര്‍ പറത്തി രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ വിജയ റണ്‍ കുറിച്ചത്.

അവസാന ഓവറില്‍ വിജയം നേടുവാന്‍ ബ്രാവോയും രവീന്ദ്ര ജഡേജയുമാണ് കാരണക്കാരായതെങ്കിലും കൊല്‍ക്കത്തയുടെ 202 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ മറികടക്കുവാന്‍ ടീമിനെ സഹായിച്ചതില്‍ ടോപ് ഓര്‍ഡറില്‍ ഷെയിന്‍ വാട്‌സണിന്റെയും (19 പന്തില്‍ 42 റണ്‍സ്, മൂന്ന് വീതം സിക്‌സും ബൗണ്ടറിയും) അമ്പാട്ടി റായിഡുവും(39) നല്‍കിയ തുടക്കവും ടീമിനെ അവസാന ഓവറിനു തൊട്ട് മുമ്പ് വരെ തന്റെ ബാറ്റിംഗ് മികവ് കൊണ്ട് ഒറ്റയ്ക്ക് തോളിലേറ്റിയ സാം ബില്ലിംഗ്‌സ് എന്നിവരുടെ പ്രകടനങ്ങളാണ് നിര്‍ണ്ണായകമായത്.

സുനില്‍ നരൈന്റെ ബൗളിംഗ് പ്രകടനമാണ് കൊല്‍ക്കത്ത നിരയില്‍ വേറിട്ട് നിന്നത്. തന്റെ നാലോവറില്‍ 17 റണ്‍സ് മാത്രമാണ് നരൈന്‍ വഴങ്ങിയത്. ഒരു വിക്കറ്റും നരൈന്‍ നേടി. ടോം കുറന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ പിയൂഷ് ചൗള, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ ചെപ്പോക് സ്റ്റേഡിയത്തെ സിക്‌സുകളുടെ പെരുമഴയില്‍ മുക്കിയ വെസ്റ്റ് ഇന്‍ഡീസ് താരം ആന്ദ്രെ റസലിന്റെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് കൊല്‍ക്കത്ത കൂറ്റന്‍ സ്‌കോറിലേക്കെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത റസലിന്റെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് ആറു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തത്.

36 പന്തുകള്‍ മാത്രം നേരിട്ട റസ്സല്‍ ഒരു ബൗണ്ടറിയും 11 പടുകൂറ്റന്‍ സിക്‌സുകളും ഉള്‍പ്പെടെ 88 റണ്‍സെടുത്തു പുറത്താകാതെ നിന്നു. 10 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സെന്ന നിലയില്‍ നിന്നാണ് അവസാന 10 ഓവറില്‍ 113 റണ്‍സ് വാരി ചെന്നൈയുടെ തേരോട്ടം. ആറാം വിക്കറ്റില്‍ റസല്‍കാര്‍ത്തിക് സഖ്യം 76 റണ്‍സും ഏഴാം വിക്കറ്റില്‍ റസല്‍കുറാന്‍ സഖ്യം 37 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയുടെ തുടക്കം തകര്‍തച്ചയോടെയായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ അര്‍ധസെഞ്ചുറി നേടി തിളങ്ങിയ സുനില്‍ നരെയ്ന്‍ ഇക്കുറിയും രണ്ടു സിക്‌സുകള്‍ നേടി മികച്ച തുടക്കമിട്ടെങ്കിലും രണ്ടാം ഓവറില്‍ ഹര്‍ഭജനു മുന്നില്‍ വീണു. നാലു പന്തില്‍ രണ്ടു സിക്‌സ് ഉള്‍പ്പെടെ 12 റണ്‍സെടുത്ത നരെയ്‌നെ ഹര്‍ഭജന്‍ റെയ്‌നയുടെ കൈകളിലെത്തിച്ചു.

രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ക്രിസ് ലിന്റോബിന്‍ ഉത്തപ്പ സഖ്യം കൊല്‍ക്കത്തയുടെ സ്‌കോര്‍ 50 കടത്തിയെങ്കിലും സ്‌കോര്‍ 51ല്‍ നില്‍ക്കെ ലിന്നിനെ ജഡേജ പുറത്താക്കി. 16 പന്തില്‍ നാലു ബൗണ്ടറികളുള്‍പ്പെടെ 22 റണ്‍സായിരുന്നു ലിന്നിന്റെ സമ്പാദ്യം. പിന്നാലെ നിതീഷ് റാണ (14 പന്തില്‍ 16), റോബിന്‍ ഉത്തപ്പ (16 പന്തില്‍ രണ്ടു ബൗണ്ടറിയും മൂന്നു സിക്‌സും ഉള്‍പ്പെടെ 26), റിങ്കു സിങ് (നാലു പന്തില്‍ രണ്ട്) എന്നിവരെ മടക്കിയ ചെന്നൈ കൊല്‍ക്കത്തയുടെ മുന്നേറ്റത്തിനു തടയിട്ടെങ്കിലും ദിനേഷ് കാര്‍ത്തിക്‌റസല്‍ സഖ്യം പോരാട്ടം ചെന്നൈ ക്യാംപിലേക്കു നയിക്കുകയായിരുന്നു.

ദിനേഷ് കാര്‍ത്തിക് 25 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 26 റണ്‍സെടുത്തു പുറത്തായി. കുറാന്‍ അഞ്ചു പന്തില്‍ രണ്ടു റണ്ണെടുത്ത് പുറത്താകാതെ നിന്നു. ചെന്നൈയ്ക്കായി ഷെയ്ന്‍ വാട്‌സന്‍ നാല് ഓവറില്‍ 39 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ഹര്‍ഭജന്‍ സിങ്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

We use cookies to give you the best possible experience. Learn more