ഐ.പി.എല്‍ 2023ലെ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ ടോസ് നേടി ഗുജറാത്ത് ടൈറ്റന്‍സ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ടോസ് ജയിച്ച ഉടന്‍ തന്നെ ചോദ്യങ്ങള്‍ക്കൊന്നും കാത്തുനില്‍ക്കാതെ പാണ്ഡ്യ തങ്ങള്‍ ബൗളിങ് തെരഞ്ഞെടുക്കുകയാണെന്ന് പറയുകയായിരുന്നു. ടോസ് സമയത്ത് ഒപ്പമുണ്ടായിരുന്ന രവി ശാസ്ത്രിക്ക് എന്തെങ്കിലും പറയാന്‍ സാധിക്കുന്നതിന് മുമ്പ് തന്നെ പാണ്ഡ്യ തന്റെ തീരുമാനം അറിയിക്കുകയായിരുന്നു.
മഞ്ഞുവീഴ്ചക്ക് സാധ്യതയുണ്ടെന്നും അതുകൊണ്ടാണ് തങ്ങള്‍ ബൗളിങ് തെരഞ്ഞെടുത്തത് എന്നുമായിരുന്നു പാണ്ഡ്യ പറഞ്ഞത്.
പ്ലേ ഓഫ് വരെയുള്ള ടീമിന്റെ യാത്രയെ കുറിച്ചുള്ള ചോദ്യത്തിന് എല്ലാ പിച്ചിനോടും പൊരുത്തപ്പെടാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് ഹോം സ്‌റ്റേഡിയത്തിന് പുറത്തും തങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചതെന്നും പാണ്ഡ്യ പറഞ്ഞു.
കഴിഞ്ഞ മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായാണ് ടൈറ്റന്‍സ് പ്ലേ ഓഫിനിറങ്ങിയിരിക്കുന്നത്. യഷ് ദയാലിന് പകരം ദര്‍ശന്‍ നല്‍കണ്ഡേ ടീമില്‍ ഇടം നേടി.
അഥവാ ടോസ് നേടുകയാണെങ്കില്‍ തങ്ങളും ബൗളിങ് തന്നെ തെരഞ്ഞെടുക്കമായിരുന്നു എന്നാണ് ധോണിയും പറഞ്ഞത്.
‘ടോസ് നേടിയാല്‍ ബൗളിങ് തെരഞ്ഞെടുക്കണമെന്നായിരുന്നു ഞങ്ങളും ആഗ്രഹിച്ചിരുന്നത്. ഗുജറാത്ത് ടൈറ്റന്‍സ് വളരെ മികച്ച ഒരു ടീമാണ്. ടൂര്‍ണമെന്റില്‍ പല മത്സരങ്ങളും മികച്ച രീതിയില്‍ ചെയ്‌സ് ചെയ്ത് വിജയിക്കാന്‍ അവര്‍ക്കായിട്ടുണ്ട്. അതുകൊണ്ട് അവരെ ആദ്യം ബാറ്റിങ്ങിനയക്കാനായിരുന്നു പ്ലാന്‍’ ധോണി പറഞ്ഞു.
ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലില്‍ പ്രവേശിക്കാം. തോല്‍ക്കുന്ന ടീമിന് ഫൈനലില്‍ പ്രവേശിക്കാന്‍ മറ്റൊരു അവസരവും ലഭിക്കും.
മുംബൈ – ലഖ്‌നൗ എലിമിനേറ്റര്‍ മത്സരത്തില്‍ വിജയിക്കുന്ന ടീമിനെ ഈ മത്സരത്തില്‍ പരാജയപ്പെട്ടവര്‍ നേരിടുകയും അതിലെ വിജയികള്‍ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്യും.
ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്റ്റാര്‍ട്ടിങ് ഇലവന്‍
ഡെവോണ്‍ കോണ്‍വേ, ഋതുരാജ് ഗെയ്ക്വാദ്, അജിന്‍ക്യ രഹാനെ, മോയിന്‍ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അംബാട്ടി റായിഡു, തുഷാര്‍ ദേശ്പാണ്ഡേ, മഹീഷ് തീക്ഷണ, ദീപക് ചഹര്‍.
ഗുജറാത്ത് ടൈറ്റന്‍സ് സ്റ്റാര്‍ട്ടിങ് ഇലവന്‍
വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ദാസുന്‍ ഷണക, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ദര്‍ശന്‍ നല്‍കണ്ഡേ.
Content Highlight: Chennai Super Kings vs Gujarat Titans, Hardik Pandya won the toss and elect to bowl first