മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. അര്‍ധസെഞ്ച്വറിയുമായി കളം നിറഞ്ഞ പൃഥ്വി ഷായും (72) ശിഖര്‍ ധവാനുമാണ് (85) ഡല്‍ഹിയ്ക്ക് വിജയം സമ്മാനിച്ചത്.
ഒന്നാം വിക്കറ്റില്‍ ഇരുവരും 138 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ക്യാപ്റ്റനെന്ന നിലയില്‍ റിഷഭ് പന്തിന്റെ ആദ്യ മത്സരമായിരുന്നു ഇത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 188 റണ്‍സെടുത്തത്.
36 പന്തില്‍ നിന്ന് നാലു സിക്സും മൂന്നു ഫോറുമടക്കം 54 റണ്‍സെടുത്ത സുരേഷ് റെയ്നയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.
ഏഴു റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലെസിസ് (0), ഋതുരാജ് ഗെയ്ക്വാദ് (5) എന്നിവരെ ചെന്നൈക്ക് നഷ്ടമായി.
മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മോയിന്‍ അലി – സുരേഷ് റെയ്ന സഖ്യമാണ് ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇരുവരും 53 റണ്‍സ് ചെന്നൈ സ്കോറിലേക്ക് ചേര്‍ത്തു.
24 പന്തില്‍ നിന്ന് രണ്ടു സിക്സും നാലു ഫോറുമടക്കം 36 റണ്‍സെടുത്ത അലിയെ പുറത്താക്കി അശ്വിന് ഈ കൂട്ടുകെട്ട് പൊളിച്ചു.
ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് (0) രണ്ടു പന്തുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സാം കറന് 15 പന്തില്‍ നിന്ന് രണ്ടു സിക്സും നാലു ഫോറുമടക്കം 34 റണ്‍സെടുത്ത് ഇന്നിങ്സിന്റെ അവസാന പന്തില്‍ പുറത്തായി. രവീന്ദ്ര ജഡേജ 17 പന്തില്‍ നിന്ന് 26 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 51 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക