| Friday, 25th September 2020, 11:25 pm

ചെന്നൈയ്ക്ക് ഡല്‍ഹിയുടെ ലോംഗ് വിസില്‍; വീണ്ടും തോറ്റ് ധോണിയും സംഘവും

സ്പോര്‍ട്സ് ഡെസ്‌ക്

ദുബായ്: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. 44 റണ്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സാണ് ചെന്നൈയെ തകര്‍ത്തത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഡല്‍ഹിയുടെ സീസണിലെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

176 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്കായി മുരളി വിജയ് (10), ഷെയ്ന്‍ വാട്ട്സണ്‍ (14) എന്നിവരും റുതുരാജ് ഗെയ്ക്വാദും (5) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.

പിന്നീട് ഫാഫ് ഡൂപ്ലെസിസും കേദാര്‍ ജാദവും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 21 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ജാദവിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി നോര്‍ഹെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

35 പന്തില്‍ നിന്ന് നാലു ഫോറുകള്‍ സഹിതം 43 റണ്‍സെടുത്ത ഡൂപ്ലെസിയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍.

ധോണി 12 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത് മടങ്ങി. ഡല്‍ഹിക്കായി കാഗിസോ റബാദ, ആന്റിച്ച് നോര്‍ഹെ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അര്‍ധ സെഞ്ചുറി നേടിയ യുവതാരം പൃഥ്വി ഷായുടെ മികവിലാണ് 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തത്.

35 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി തികച്ച ഷാ 43 പന്തുകള്‍ നേരിട്ട് ഒരു സിക്സും ഒമ്പത് ഫോറുമടക്കം 64 റണ്‍സെടുത്തു. ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് ഡല്‍ഹിക്ക് സമ്മാനിച്ചത്. 70 പന്തില്‍ നിന്ന് 94 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.

27 പന്തില്‍ നിന്ന് ഒരു സിക്സും മൂന്നു ഫോറുമടക്കം 35 റണ്‍സെടുത്ത ധവാനെ പിയുഷ് ചൗളയാണ് മടക്കിയത്.

പിന്നീട് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ – ഋഷഭ് പന്ത് കൂട്ടുകെട്ട് ഡല്‍ഹിയുടെ സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് 58 റണ്‍സാണ് ഡല്‍ഹി സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Chennai Super Kings vs Delhi Capitals IPL 2020

We use cookies to give you the best possible experience. Learn more