പരിക്കേറ്റ് ടീമിന് പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടറും മുന്‍ സി.എസ്.കെ നായകനുമായ രവീന്ദ്ര ജഡേജയെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും അണ്‍ഫോളോ ചെയ്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നുമാണ് താരത്തെ ചെന്നൈ അണ്‍ഫോളോ ചെയ്തത്.
ഇരുവരും ഇത് സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആ സീസണ്‍ ഒട്ടും ആശ്വാസകരമായിരുന്നില്ല. ഡിഫന്റിംഗ് ചാമ്പ്യന്‍സിന്റെ പേരിനും പെരുമയ്ക്കും ചേര്‍ന്ന പ്രകടനമായിരുന്നില്ല ചെന്നൈ നടത്തിയത്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മോശം പ്രകടനത്തിന് ഏറെ പഴി കേള്‍ക്കേണ്ടി വന്നത് നായകന്‍ രവീന്ദ്ര ജഡേജയ്ക്കായിരുന്നു. താരത്തിന്റെ ക്യാപ്റ്റന്‍സി ആരാധകര്‍ക്കിടിയില്‍ തന്നെ ചര്‍ച്ചായിരുന്നു.
സീസണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് എം.എസ്. ധോണി സി.എസ്.കെയുടെ നായകസ്ഥാനം അപ്രതീക്ഷിതമായി ഒഴിയുന്നത്. തുടര്‍ന്നായിരുന്നു ജഡേജ സി.എസ്.കെയുടെ രണ്ടാമത്തെ മാത്രം ക്യാപ്റ്റനായി ചുമതലയേറ്റത്.
എന്നാല്‍ ടീമിന്റെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ താരം ക്യാപ്റ്റന്‍സി ധോണിയ്ക്ക് തിരികെ നല്‍കിയിരുന്നു. തുടര്‍ന്നാണ് താരത്തിന് പരിക്കേല്‍ക്കുന്നതും ടീമിന് പുറത്താകുന്നതും.
ഇതിനിടെയാണ് ടീം ഇന്‍സ്റ്റയില്‍ നിന്നും ജഡേജയെ അണ്‍ഫോളോ ചെയ്തിരിക്കുന്നത്. നിരവധി ആരാധകര്‍ സി.എസ്.കെയുടെ നടപടിയെ ചോദ്യം ചെയ്ത് രംഗത്തുവന്നിട്ടുണ്ട്.
ഇതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ജഡേജും വഴിപിരിയുന്നു എന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ താരവുമായി ഒരു പ്രശ്‌നവും നിലവിലില്ലെന്നാണ് ടീമിന്റെ വിശദീകരണം.
16 കോടി രൂപയ്ക്കാണ് ജഡേജയെ ചെന്നൈ ടീമില്‍ നിലനിര്‍ത്തിയത്. ധോണിയേക്കാള്‍ കൂടുതല്‍ തുകയ്ക്ക് ജഡേജയെ നിലനിര്‍ത്തിയതോടെ ജഡേജ ധോണിയുടെ പിന്‍ഗാമിയാവും എന്ന സൂചനയും വന്നുതുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീമിന്റെ നായകസ്ഥാനത്തേക്കെത്തുന്നത്.
എന്നാല്‍ ചെന്നൈയുടെ പ്രതീക്ഷകള്‍ എല്ലാം തകര്‍ക്കുന്ന വിധത്തിലായിരുന്നു ജഡേജയുടെയും ചെന്നൈയുടെയും പ്രകടനം. ആദ്യ നാല് മത്സരവും ചെന്നൈ തോല്‍ക്കുകയായിരുന്നു. എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം മാത്രമാണ് ചെന്നൈയ്ക്ക് നേടാനായത്. ഇതോടെയാണ് പഴയ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ ചെന്നൈ വീണ്ടും നായകസ്ഥാനത്തേയ്‌ക്കെത്തിച്ചത്.
Content Highlight: Chennai Super Kings unfollow Ravindra Jadeja on Instagram