| Thursday, 27th April 2023, 3:28 pm

സീസണിലെ രണ്ടാം റിവഞ്ച് മാച്ചിനായി ധോണിയും സഞ്ജുവും നേര്‍ക്കുനേര്‍; പ്രതികാരത്തിനായി സഞ്ജുവിന്റെ തട്ടകത്തിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 37ാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് ഹോം ഗ്രൗണ്ടില്‍ വെച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് നേരിടുന്നത്. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരുങ്ങിയിറങ്ങുമ്പോള്‍ നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാണ് രാജസ്ഥാന്‍ റോയല്‍സ് ഒരുങ്ങുന്നത്.

ഈ സീസണിലെ രണ്ടാം ‘റിവഞ്ച് മാച്ചിനാണ്’ രാജസ്ഥാന്‍ റോയല്‍സിന്റെ കളിത്തട്ടകമായ സവായ് മാന്‍സിങ് സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ ചെന്ന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസമാണ് രാജസ്ഥാനുള്ളതെങ്കില്‍ പത്ത് വര്‍ഷത്തിനിടെ രണ്ടാം തവണ മാത്രം ചെപ്പോക്കില്‍ വെച്ച് പരാജയപ്പെട്ടതിന്റെ കണക്കുതീര്‍ക്കാനാണ് ചെന്നൈ ഇറങ്ങുന്നത്.

ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ഇരു ടീമുകളും അവരവരുടെ ഹോം ഗ്രൗണ്ടില്‍ വെച്ച് പരസ്പരമേറ്റുമുട്ടുന്നത്. കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരമായിരുന്നു ഈ സീസണില്‍ ആദ്യമായി ഇത്തരത്തില്‍ അരങ്ങേറിയത്.

തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ വെച്ച് ആര്‍.സി.ബിയെ പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലായിരുന്നു കെ.കെ.ആര്‍ ചിന്നസ്വാമിയിലേക്കിറങ്ങിയത്. ആര്‍.സി.ബിക്ക് കണക്കു തീര്‍ക്കാനുള്ള അവസരമെന്ന നിലയില്‍ റിവഞ്ച് മാച്ച് എന്നായിരുന്നു കമന്റേറ്റര്‍മാരടക്കം ഈ മത്സരത്തെ വിശേഷിപ്പിച്ചത്. അത്തരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തിരിച്ചടിക്കാണ് ഇന്ന് ചെന്നൈ ആരാധകര്‍ കാത്തിരിക്കുന്നത്.

നേരത്തെ നടന്ന ചെന്നൈ – രാജസ്ഥാന്‍ മത്സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു സഞ്ജുവിന്റെയും കൂട്ടരുടെയും വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സായിരുന്നു നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്ന ആര്‍. അശ്വിന്റെ ഓള്‍ റൗണ്ട് മികവിലാണ് രാജസ്ഥാന്‍ മത്സരം പിടിച്ചെടുത്തത്. കളിയിലെ താരവും അശ്വിന്‍ തന്നെയായിരുന്നു.

അതേസമയം, നിലവില്‍ ഏഴ് മത്സരത്തില്‍ നിന്നും അഞ്ച് ജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ചെന്നൈ. ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ 12 പോയിന്റുമായി പട്ടികയില്‍ ആധിപത്യം നിലനിര്‍ത്താന്‍ സാധിക്കും.

ഏഴ് മത്സരത്തില്‍ നിന്നും നാല് ജയവും മൂന്ന് തോല്‍വിയുമടക്കം എട്ട് പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍. ചെന്നൈക്കെതിരായ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാന്‍ രാജസ്ഥാന് സാധിക്കും.

Content Highlight: Chennai Super Kings to take revenge on Rajasthan Royals

We use cookies to give you the best possible experience. Learn more