ഒന്നിന് പിന്നാലെ ഒന്നായി തോല്‍വികളേറ്റുവാങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തങ്ങളുടെ പരിചയ സമ്പന്നനായ സൂപ്പര്‍ താരത്തിനെ പ്ലെയിംഗ് ഇലവനില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.
ഏറെക്കാലമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വിശ്വസ്തനായിരുന്ന അമ്പാട്ടി റായിഡുവിനാണ് ടീമില്‍ നിന്നും പുറത്തേക്കുള്ള വഴി തുറക്കുന്നതെന്നാണ് സൂചന.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും റായിഡുവിന് കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ചെന്നൈ തോല്‍വിയേറ്റുവാങ്ങിയ മൂന്ന് മത്സരത്തില്‍ നിന്നും ആകെ 55 റണ്‍സാണ് താരം നേടിയത്.
ഇതോടെയാണ് ഹൈദരാബാദുമായി നടക്കുന്ന അടുത്ത മത്സരത്തിലെ ഇലവനില്‍ നിന്നും താരത്തെ പുറത്താക്കുന്നതായുള്ള സൂചനകള്‍ പുറത്തു വരുന്നത്.
റായിഡു പുറത്തിരിക്കുകയാണെങ്കില്‍ തമിഴ്‌നാട് ബാറ്ററായ ജഗദീശിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍ സീസണുകളിലും സി.എസ്.കെയ്‌ക്കൊപ്പമുണ്ടായിരുന്ന ജഗദീശ് വേണ്ട വിധത്തില്‍ പരിഗണിക്കപ്പെട്ടിരുന്നില്ല.
എന്നാല്‍ ടീമില്‍ ഉള്‍പ്പെട്ടപ്പോഴെല്ലാം തന്നെ മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. ഇതോടെയാണ് ജഗദീശിന് ടീമിലേക്കുള്ള വഴി തുറന്നിരിക്കുന്നത് എന്നാണ് കരുതുന്നത്.
മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ ബാക്കപ്പായി വളര്‍ത്തിയെടുത്താല്‍ ടീമിനായി അത്ഭുതങ്ങള്‍ കാഴ്ചവെക്കാന്‍ സാധിക്കുന്ന താരമാണ് ജഗദീശ്. മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂടിയായ ജഗദീശ് ചെന്നൈ ടീമിന് വളര്‍ത്തിയെടുക്കാവുന്ന പ്രൊഡിജി തന്നെയാണ്.
ഈ സീസണോടുടൂടി ധോണി ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ധോണിയുടെ വിക്കറ്റ് കീപ്പിംഗ് ബാറ്റര്‍ എന്ന റോള്‍ യുവതാരത്തിന്റെ കയ്യില്‍ ഭദ്രമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.