| Tuesday, 24th May 2022, 11:17 pm

ഇത്തവണ പ്ലേ ഓഫില്‍ കയറിയില്ലെങ്കിലെന്ത്, പ്ലേ ഓഫിന്റെ രാജാക്കന്‍മാര്‍ ചെന്നൈ തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് തുടക്കമായപ്പോള്‍ ആരാധകര്‍ ഏറ്റവുമധികം മിസ് ചെയ്യുന്നത് ഡിഫന്‍ഡിംഗ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തന്നെയായിരിക്കും. രണ്ട് തവണയൊഴികെ എല്ലാ സീസണിലും പ്ലേ ഓഫില്‍ പ്രവേശിച്ച ചെന്നൈയ്ക്ക് നാല് തവണ കപ്പുയര്‍ത്താനും സാധിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ കളിക്കുക മാത്രമല്ല, ഏറ്റവുമധികം പ്ലേ ഓഫ് വിജയവും തോല്‍വിയും സൂപ്പര്‍ കിംഗ്‌സിന് തന്നെയാണ്.

ഐ.പി.എല്‍ പ്ലേ ഓഫില്‍ ഏറ്റവും കൂടുതല്‍ റണ്ണുകള്‍ നേടിയ താരങ്ങളെ നോക്കിയാല്‍ സി.എസ്.കെ കളിക്കാരുടെ പൂര്‍ണ ആധിപത്യമാണ് കാണാന്‍ സാധിക്കുക. പ്ലേ ഓഫില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

#5 മുരളി വിജയ്

ഒരുകാലത്ത് സി.എസ്.കെയുടെ വിശ്വസ്തനായ ഓപ്പണിംഗ് ബാറ്ററായിരുന്നു മുരളി വിജയ്. ആദ്യ സീസണുകളിലെ സി.എസ്.കെയുടെ ആധിപത്യത്തിന്നു പിന്നിലെ പ്രധാന കാരണം മുരളി വിജയ് ആയിരുന്നു. 364 റണ്ണുകളാണ് ഐ.പി.എല്‍ പ്ലേ ഓഫില്‍ നിന്നും വിജയ് അടിച്ചുകൂട്ടിയിട്ടുള്ളത്. 2011 ഫൈനലില്‍ ബെംഗളൂരുവിനെതിരെ നേടിയ സെഞ്ച്വറിയും ഇതിലുള്‍പ്പെടും.

#4 മൈക്കിള്‍ ഹസി

ഓസീസ് ലെജന്‍ഡും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഫ്യൂച്ചര്‍ ഹാള്‍ ഓഫ് ഫെയ്മറുമായ മൈക്കിള്‍ ഹസിയാണ് പട്ടികയിലെ നാലാമന്‍. 388 റണ്‍സാണ് പ്ലേ ഓഫില്‍ നിന്ന് മാത്രമായി ഹസി അടിച്ചെടുത്തത്.

#3 ഷെയ്ന്‍ വാട്സണ്‍

389 റണ്ണുമായി മറ്റൊരു ഓസീസ് താരമായ ഷെയ്ന്‍ വാട്സണാണ് ഈ ലിസ്റ്റില്‍ മൂന്നാമതുള്ളത്. 2008ല്‍ രാജസ്ഥാനൊപ്പവും 2018ല്‍ സൂപ്പര്‍ കിംഗ്‌സിനൊപ്പവും കപ്പുയര്‍ത്തിയ വാട്‌സണ്‍ ഐ.പി.എല്ലിലെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാള്‍ കൂടിയാണ്.

#2 എം.എസ്. ധോണി

സൂപ്പര്‍ കിംഗ്സിന്റെ നായകനായ ധോണിയാണ് ഈ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ളത്. ചെന്നൈയെ മുന്നില്‍ നിന്ന് നയിക്കുന്ന തല 522 റണ്ണുകളാണ് പ്ലേ ഓഫില്‍ നിന്ന് മാത്രം അടിച്ചുകൂട്ടിയത്. ചെന്നൈ വിലക്ക് നേരിട്ട വര്‍ഷത്തില്‍ പൂനെ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടിയും അദ്ദേഹം പ്ലേ ഓഫില്‍ ബാറ്റേന്തിയിട്ടുണ്ട്.

#1 സുരേഷ് റെയ്ന

മിസ്റ്റര്‍ ഐ.പി.എല്‍ എന്ന് വിളിപ്പേരുള്ള സി.എസ്.കെ ഇതിഹാസമായ സുരേഷ് റെയ്നയാണ് പ്ലേ ഓഫില്‍ ഏറ്റവും കൂടുതല്‍ റണ്ണുകള്‍ നേടിയ താരം. 2008 മുതല്‍ 2021 വരെയുള്ള ഐ.പി.എല്‍ കരിയറില്‍ 714 റണ്ണുകളാണ് റെയ്ന പ്ലേ ഓഫില്‍ അടിച്ചുകൂട്ടിയിരിക്കുന്നത്. 2016 സീസണില്‍ ഗുജറാത്തിനായും റെയ്ന പ്ലേ ഓഫ് കളിച്ചിട്ടുണ്ട്.

ബാറ്റിംഗിന് പുറമെ ബൗളിംഗിലും ചെന്നൈ തന്നെയാണ് പ്ലേ ഓഫിലെ സൂപ്പര്‍ കിംഗ്‌സ്

ഡ്വെയ്ന്‍ ബ്രാവൊയാണ് പ്ലേ ഓഫില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ബൗളര്‍. 28 വിക്കറ്റാണ് ബ്രാവോ നേടിയിട്ടുളളത്. രണ്ടാം സ്ഥാനത്തുള്ള ആര്‍. അശ്വിന്‍ 18 വിക്കറ്റാണ് സ്വന്തമാക്കിയത്.

17 വിക്കറ്റുമായി ഹര്‍ഭജന്‍ സിംഗ് മൂന്നാമതും 16 വിക്കറ്റുമായി ജഡേജ നാലാം സ്ഥാനത്തുമാണുള്ളത്. 14 വിക്കറ്റുകളുമായി ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിംഗയാണ് അഞ്ചാം സ്ഥാനത്തുളളത്.

ഈ ലിസ്റ്റിലുള്ള കളിക്കാരില്‍ ആര്‍.അശ്വിന്‍ മാത്രമാണ് ഇത്തവണ പ്ലേ ഓഫ് കളിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് പ്ലേ ഓഫില്‍ പന്തെറിയുന്നത്.

Content Highlight: Chennai Super Kings, the dominator in IPL Play Offs

We use cookies to give you the best possible experience. Learn more