| Tuesday, 5th March 2024, 7:47 pm

തലയും പിള്ളേരും കോടൈ കൊണ്ടാട്ടത്തിന് തയാര്‍; മഞ്ഞുമ്മല്‍ ബോയ്‌സ് ട്രെന്‍ഡ് ഏറ്റെടുത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്ലിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ടീമുകള്‍ പലരും പരിശീലനം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അതേ ആവേശം ഈ വര്‍ഷവും ഉണ്ടാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ ഡിസംബറില്‍ നടന്ന ലേലത്തില്‍ മികച്ച താരങ്ങളെ എടുക്കാന്‍ എല്ലാ ടീമുകള്‍ക്കും കഴിഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകര്‍ ഈ വര്‍ഷവും മികച്ച പ്രകടനമാണ് ടീമില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ചെപ്പോക്കില്‍ താരങ്ങള്‍ പരിശാലനം തുടങ്ങിക്കഴിഞ്ഞു.

തമിഴ്‌നാട്ടില്‍ ട്രെന്‍ഡിങ്ങായിക്കൊണ്ടിരിക്കുന്ന മലയാളസിനിമ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പോസ്റ്ററില്‍ ചെന്നൈ താരങ്ങളുടെ ഫോട്ടോ ചേര്‍ത്തുകൊണ്ടുള്ള പോസ്റ്റര്‍ ടീം മാനേജ്‌മെന്റ് പങ്കുവെച്ചത് വൈറലായിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് കാരണം വീണ്ടും ചര്‍ച്ചാവിഷയമായി മാറിയ ഗുണാ സിനിമയിലെ കണ്മണീ അന്‍പോട് എന്ന പാട്ടും കഴിഞ്ഞ വര്‍ഷത്തെ കിരീടനേട്ടത്തിന്റെ വീഡിയോയും ചേര്‍ത്തുകൊണ്ടുള്ള റീല്‍ കഴിഞ്ഞ ദിവസം ടീമിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പോസ്റ്റര്‍ ഷെയര് ചെയ്തത്.

‘കോടൈ കൊണ്ടാട്ടത്തിന് തലയും പിള്ളേരും തയാര്‍’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. ഗുണാ കേവിന് മുന്നിലെ മരത്തിന്റെ വേരില്‍ മഞ്ഞുമ്മല്‍ ബോയ്‌സിലെ താരങ്ങള്‍ ഇരിക്കുന്ന പോസ്റ്ററാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് എഡിറ്റ് ചെയ്ത് പങ്കുവെച്ചത്. മഞ്ഞുമ്മല്‍ ബോയ്‌സിനെ മഞ്ഞള്‍ ബോയ്‌സ് എന്നും മാറ്റിയിട്ടുണ്ട്.

എന്നാല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ടീമിന്റെ സ്റ്റാര്‍ ഓപ്പണര്‍ ഡെവണ്‍ കോണ്‍വേക്ക് പരിക്ക് മൂലം സീസണിന്റെ പകുതി മത്സരങ്ങള്‍ നഷ്ടമാകും എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ റുതുരാജിനോടൊപ്പം ആര് ഓപ്പണ്‍ ചെയ്യുമെന്ന ചര്‍ച്ചയിലാണ് ആരാധകര്‍.
അതിനിടയില്‍ ചെന്നൈ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ട്വീറ്റും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ‘പുതിയ സീസണിലെ പുതിയ റോളിനായി കാത്തിരിക്കുന്നു’ എന്ന ട്വീറ്റാണ് മറ്റൊരു ചര്‍ച്ചാവിഷയം.

ഈ സീസണില്‍ താരം ബാറ്റിങ് കോച്ച് മാത്രമാകുമെന്നും, അതല്ല കരിയറിന്റെ തുടക്കകാലത്ത് കളിച്ച വണ്‍ഡൗണ്‍ പൊസിഷനിലേക്ക് തിരിച്ചെത്തുകയാണ് തുടങ്ങിയ ചര്‍ച്ചകളാണ് ധോണിയുടെ ട്വീറ്റിന്റെ പിന്നാലെ ക്രിക്കറ്റ് ലോകത്ത് ഉടലെടുത്തത്. എന്തായാലും ടീമിന്റെ മികച്ച പ്രകടനെ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. മാര്‍ച്ച് 22ന് ചെപ്പോക്കിലെ ചിദംബരം സ്‌റ്റേഡിയത്തിലാണ് ചെന്നൈയുടെ ആദ്യ മത്സരം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവാണ് ഉദ്ഘാടനമത്സരത്തിലെ എതിരാളികള്‍.

Content Highlight: Chennai Super Kings shared a poster that related to Manjummel Boys

We use cookies to give you the best possible experience. Learn more