ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വമ്പന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് തുടക്കത്തിലേ തിരിച്ചടി. ആദ്യ രണ്ട് ഓവര്‍ പിന്നിടുമ്പോഴേക്കും 15 റണ്‍സിന് രണ്ട് വിക്കറ്റുകള്‍ ഹോം ടീമിന് നഷ്ടമായി.
നാല് പന്തില്‍ നിന്നും ആറ് റണ്‍സ് നേടിയ വിരാട് കോഹ്‌ലിയുടെ വിക്കറ്റാണ് ആര്‍.സി.ബിക്ക് ആദ്യം നഷ്ടമായത്. ആദ്യ ഓവറിന്റെ നാലാം പന്തില്‍ ടീം സ്‌കോര്‍ ആറില്‍ നില്‍ക്കവെയാണ് താരം പുറത്തായത്. ആകാശ് സിങ്ങിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിട്ടായിരുന്നു വിരാടിന്റെ മടക്കം.
തൊട്ടടുത്ത ഓവറിലും ഹോം ടീമിന് തിരിച്ചടി ലഭിച്ചിരുന്നു. അഞ്ച് പന്ത് നേരിട്ട് ഡക്കായി പുറത്തായ മഹിപാല്‍ ലാംറോറിന്റെ വിക്കറ്റാണ് ആര്‍.സി.ബിക്ക് നഷ്ടമായത്. തുഷാര്‍ ദേശ്പാണ്ഡേയുടെ പന്തില്‍ ഋതുരാജ് ഗെയ്ക്വാദിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സി.എസ്.കെ പടുകൂറ്റന്‍ ടോട്ടലാണ് പടുത്തുയര്‍ത്തിയത്. 45 പന്തില്‍ നിന്നും 83 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വേയും 27 പന്തില്‍ നിന്നും 52 റണ്‍സ് നേടിയ ശിവം ദുബെയും ചേര്‍ന്നാണ് സന്ദര്‍ശകരെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 226 എന്ന നിലയിലെത്തിച്ചത്.
ആറ് ബൗണ്ടറിയും ആറ് സിക്‌സറുമായിരുന്നു കോണ്‍വേയുടെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. 184.44 ആയിരുന്നു കോണ്‍വേയുടെ പ്രഹര ശേഷി. മികച്ച രീതിയില്‍ ബാറ്റ് ചെയ്യവെ ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ കോണ്‍വേ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.
രണ്ട് ഫോറും അഞ്ച് സിക്‌സറുമായാണ് ദുബെ അര്‍ധ സെഞ്ച്വറി നേടിയത്. 192.59 എന്ന സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സടിച്ചുകൂട്ടവെ വൈശാഖ് വിജയ് കുമാറിന്റെ പന്തില്‍ ദിനേഷ് കാര്‍ത്തിക്കിന് ക്യാച്ച് നല്‍കിയായിരുന്നു താരം മടങ്ങിയത്.
ആര്‍.സി.ബിക്കായി പന്തെറിഞ്ഞവരില്‍ മുഹമ്മദ് സിറാജ് ഒഴികെ മറ്റെല്ലാവരും പത്തിന് മുകളില്‍ എക്കോണമിയില്‍ റണ്‍സ് വഴങ്ങിയിരുന്നു.
നാല് ഓവര്‍ പന്തെറിഞ്ഞ് 30 റണ്‍സിന് ഒരു വിക്കറ്റാണ് സിറാജ് നേടിയത്.
അതേസമയം, 227 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് വീശുന്ന റോയല്‍ ചലഞ്ചേഴ്‌സ് നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ 45 റണ്‍സിന് രണ്ട് എന്ന നിലയിലാണ്. ഒമ്പത് പന്തില്‍ നിന്നും 22 റണ്‍സുമായി ഫാഫ് ഡുപ്ലെസിസും ആറ് പന്തില്‍ നിന്നും 13 റണ്‍സുമായി ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് ക്രീസില്‍.
Content Highlight: Chennai Super Kings set humongous total against RCB