ചെന്നൈ: കേരളത്തിന്റേയും ഇന്ത്യയുടേയും മാത്രമല്ല, ലോകത്തിന്റെ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍. പല കോണുകളില്‍ നിന്നും പ്രശസ്തരായ വ്യക്തികളടക്കം പ്രിയയുടെ കണ്ണിറുക്കല്‍ വീഡിയോ ഷെയര്‍ ചെയ്തും അഭിനന്ദിച്ചും രംഗത്തെത്തിയിട്ടുണ്ട്. കായിക ലോകത്തു നിന്നു വരെ പ്രിയയ്ക്ക് ആരാധകരുണ്ടായി. അതാകട്ടെ അങ്ങ് ദക്ഷിണാഫ്രിക്കയില്‍ നിന്നുമായിരുന്നു.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റംകുറിച്ച ലുങ്കിസായി എങ്കിടിയാണ് പ്രിയയുടെ സൈറ്റടിയില്‍ വീണിരിക്കുന്നത്. പ്രിയയുടെ കണ്ണിറുക്കലും എങ്കിടിയുടെ കുട്ടിക്കാലത്തെ ചിരിയും കൂടി മിക്‌സ് ചെയ്ത ഒരു വീഡിയോ താങ്കള്‍ക്കൊരു സമ്മാനമെന്ന പേരില്‍ ലൂസിഫര്‍ മിനാടി എന്ന ആരാധകന്‍ എങ്കിടിയുടെ ട്വിറ്റര്‍ ഫീഡില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. പിന്നാലെ വാലന്റെയ്ന്‍സ് ദിനം പൂര്‍ത്തിയായി എന്ന അടിക്കുറിപ്പോടെ എങ്കിടി റിട്വീറ്റ് ചെയ്യുകയായിരുന്നു.
ഇപ്പോഴിതാ എങ്കിടിയ്ക്ക് മറുപടിയുമായി ഇന്ത്യയില്‍ നിന്നൊരു സന്ദേശം എത്തിയിരിക്കുകയാണ്. എങ്കിടിയുടെ ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗാസാണ് താരത്തിന് മറുപടി നല്‍കിയിരിക്കുന്നത്. പ്രശസ്ത ആനിമല്‍ ബിഹേവിയറിസ്റ്റായ കെവിന്‍ റിച്ചാര്‍ഡ്‌സണിന്റെ സിംഹത്തെ കെട്ടിപ്പിടിക്കുന്ന വീഡിയോയാണ് എങ്കിടിയ്ക്കുള്ള മറുപടിയായി ചെന്നൈ ടീം ട്വീറ്റ് ചെയ്തത്.
ഒമര്‍ ലുലു അണിയിച്ചൊരുക്കുന്ന ഒരു അഡാര്‍ ലൗ കൗമാരക്കാരുടെ പ്രണയവും സൗഹൃദവും പ്രമേയമാക്കുന്ന ചിത്രമാണ്. പ്രധാനവേഷങ്ങളില്‍ പുതുമുഖങ്ങളെത്തുന്ന സിനിമയില്‍ ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കി വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനമാണ് ആദ്യം വൈറലും പിന്നീട് വിവാദത്തിലുമായത്. ഈ ഗാനത്തിലെ പ്രണയരംഗങ്ങളിലൂടെയാണ് ഒറ്റരാത്രികൊണ്ട് പ്രിയ പ്രകാശ് വാര്യര്‍ സൈബര്‍ സെന്‍സേഷനായി മാറിയത്.
— Chennai Super Kings (@ChennaiIPL) February 16, 2018