Cricket
പരിക്ക് വില്ലന്‍; ജാമിസണിന് ഒത്ത പകരക്കാരനെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Mar 20, 08:48 am
Monday, 20th March 2023, 2:18 pm

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023ന്റെ തുടക്കത്തില്‍ തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സ് വലിയൊരു തിരിച്ചടി നേരിട്ടിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പ് ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ കൈലി ജാമിസണിന് പരിക്കേല്‍ക്കുകയും താരം ഐ.പി.എല്ലില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. താരലേലത്തില്‍ ഒരു കോടിക്കാണ് ജാമിസണിനെ ചെന്നൈ ടീമിലെത്തിച്ചിരുന്നത്.

താരത്തിന് പകരക്കാരനായി സി.എസ്.കെ ഇപ്പോള്‍ സൗത്ത് ആഫ്രിക്കന്‍ പേസര്‍ സിസാന്‍ഡ മഗാലയെ ടീമിലെത്തിച്ചിരിക്കുകയാണ്. ആദ്യമായിട്ടാണ് മഗാല ഐ.പി.എല്ലിന്റെ ഭാഗമാകുന്നത്. 50 ലക്ഷം അടിസ്ഥാന വില നല്‍കിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്കക്കായി നാല് ടി-20 മത്സരങ്ങളില്‍ മാത്രമാണ് മഗാല പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ആഭ്യന്തര ടി-20 മത്സരങ്ങളിലെ വിക്കറ്റ് വേട്ടക്കാരനെന്ന ഖ്യാതി അദ്ദേഹത്തിനുണ്ട്.

അടുത്തിടെ സമാപിച്ച എസ്എ 20 സീസണില്‍, സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ്പിനായി 11 ഇന്നിങ്സുകളില്‍ നിന്ന് 8.68 എന്ന എക്കോണമി റേറ്റില്‍ 14 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. ലോവര്‍ ഓര്‍ഡര്‍ ബാറ്ററായും മഗാലയെ ഉപയോഗിക്കാം. ഇതുവരെ രണ്ട് ടി-20 അര്‍ധ സെഞ്ച്വറികള്‍ മഗാല സ്വന്തമാക്കിയിട്ടുണ്ട്.

മാര്‍ച്ച് 31ന് ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം.

Content Highlights: Chennai Super Kings have signed Sisanda Magala as a replacement for Kyle Jamieson