ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ ഡിഫന്‍ഡിംഗ് ചാമ്പ്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ശനിദശ മാറുന്നില്ല. പുതിയ ക്യാപ്റ്റന് കീഴില്‍ കിരീടം നിലനിര്‍ത്താനുറച്ച് കളത്തിലിറങ്ങിയ ചെന്നൈകൂട്ടം തുടര്‍ച്ചയായ രണ്ടാം കളിയും തോല്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്.
ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയോട് താരതമ്യേന ചെറിയ സ്‌കോര്‍ ഡിഫന്‍ഡ് ചെയ്ത് തോല്‍ക്കേണ്ടി വന്നപ്പോള്‍, കഴിഞ്ഞ ദിവസം ഐ.പി.എല്ലിലെ പുതിയ ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ ശേഷമാണ് തോല്‍ക്കേണ്ടി വന്നത് എന്ന വ്യത്യാസം മാത്രമാണുള്ളത്.
ചെന്നൈ പടുത്തുയര്‍ത്തിയ 211 എന്ന വിജയലക്ഷ്യം മൂന്ന് പന്തും ആറ് വിക്കറ്റും ബാക്കി നില്‍ക്കെയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മറികടന്നത്.
സീസണിലെ രണ്ടാം മത്സരത്തിലും പരാജയം രുചിച്ചതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ചരിത്രത്തില്‍ തന്നെയുള്ള മോശം റെക്കോഡ് കൂടിയാണ് കുറിക്കപ്പെട്ടത്.
13 സീസണിലെ നിന്നും ഒരു സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും ചെന്നൈ തോറ്റുകൊണ്ട് തുടങ്ങുന്നത് ഇതാദ്യമാണ്. ഇതിന് മുമ്പുണ്ടായിരുന്ന 13 സീസണുകളിലേക്കാള്‍ ഏറ്റവും മോശം തുടക്കമാണ് 2022ല്‍ കാണുന്നത്.
ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കളത്തിലെ ബുദ്ധിരാക്ഷസന്‍ തല ധോണിയ്ക്കും പിഴയ്ക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്. കണക്കുകൂട്ടലുകള്‍ ഒന്നാകെ പിഴച്ചായിരുന്നു അനായാസം ജയിക്കേണ്ടിയിരുന്ന കളി ധോണിയും ടീമും വിട്ട് നല്‍കിയത്.
ഏറ്റവും മികച്ച ബൗളിംഗ് സ്‌ക്വാഡ് ഒപ്പമുണ്ടായിട്ടും, ചെന്നൈ ബൗളര്‍മാര്‍ വിട്ടുകൊടുത്ത 14 എക്‌സ്ട്രാ റണ്‍സും ലഖ്‌നൗവിന്റെ ഇന്നിംഗ്‌സില്‍ നിര്‍ണായകമായി.
ആറ് കോടി കൊടുത്ത് നിലനിര്‍ത്തിയ യുവതാരം ഋതുരാജ് ഗെയ്ക്‌വാദിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാത്തതും ചെന്നൈയെ സംബന്ധിച്ച് വന്‍ തിരിച്ചടി തന്നെയാണ്. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ സംപൂജ്യനായി പുറത്തായ താരം, കഴിഞ്ഞ മത്സരത്തില്‍ ഒറ്റ റണ്‍ മാത്രമാണ് നേടിയത്.
റെക്കോഡ് നേട്ടവുമായി ധോണി മുന്നില്‍ നിന്ന് നയിച്ച്, മറ്റ് ബാറ്റര്‍മാര്‍ ആളിക്കത്തിയപ്പോള്‍ മികച്ച ടോട്ടലായിരുന്നു ഐ.പി.എല്ലിലെ കന്നിക്കാരായ ലഖ്‌നൗവിന് മുമ്പില്‍ ചെന്നെ പടുത്തുയര്‍ത്തിയത്.
റോബിന്‍ ഉത്തപ്പയുടെയും ശിവം ദുബേയുടേയും അര്‍ദ്ധശതകത്തിന്റെ മികവിലായിരുന്നു ചെന്നൈ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. പിന്നാലെ വന്ന മറ്റ് ബാറ്റര്‍മാരും തെറ്റില്ലാത്ത പ്രകടനം കാഴ്ചവെച്ചതോടെ 210 എന്ന പടുകൂറ്റന്‍ സ്‌കോറിലേക്കായിരുന്നു ചെന്നൈ നടന്നു കയറിയത്.
എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗ ചെന്നൈയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലൂയിസ് എന്ന കരീബിയന്‍ കരുത്തിന്റെയും ഡി കോക്കിന്റെയും പിന്‍ബലത്തില്‍ എല്‍.എസ്.ജി നിഷ്പ്രയാസം വമ്പന്‍ ടോട്ടല്‍ മറികടക്കുകയായിരുന്നു.
Content Highlight: Chennai Super Kings have lost their first two matches of a IPL season for the first time in the league’s history