ധോണിയുടെ പിൻഗാമിയെ കണ്ടെത്തി ചെന്നൈ സൂപ്പർ കിങ്‌സ്; ആരാധകരും ഹാപ്പി
Cricket
ധോണിയുടെ പിൻഗാമിയെ കണ്ടെത്തി ചെന്നൈ സൂപ്പർ കിങ്‌സ്; ആരാധകരും ഹാപ്പി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 23rd December 2022, 9:37 pm

 

ഐ.പി.എല്ലിലെ താര ലേലത്തിൽ സാം കറനെ ലക്ഷ്യം വെച്ച് ഇറങ്ങിയ ചെന്നൈ ഒടുവിൽ സ്വന്തമാക്കിയത് ബെൻ സ്റ്റോക്ക്സിനെ. ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്ക്സിനെ വലിയ വില നൽകിയാണ് ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയത്.

വാശിയേറിയ ലേലത്തിൽ 16.25 കോടി രൂപക്കാണ് ബെൻ സ്റ്റോക്ക്സിനെ ചെന്നൈ വിളിച്ചെടുത്തത്. ആരാധകരും ക്രിക്കറ്റ്‌ വിദഗ്ധരുമൊന്നും വിചാരിക്കാത്ത സൈനിങ് ആയാണ് ബെൻ സി.എസ്.കെ യുടെ ഭാഗമായതെങ്കിലും താരത്തിന്റെ വരവിൽ വലിയ സന്തോഷത്തിലാണ് ചെന്നൈ ആരാധകർ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

നാല് തവണ ചാമ്പ്യൻമാരായ ചെന്നൈയുടെ ഭാവി ക്യാപ്റ്റൻ ആയിരിക്കും ബെൻ സ്റ്റോക്ക്സ് എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. നിലവിലെ ചെന്നൈ ക്യാപ്റ്റനായ ഇതിഹാസ താരം ധോണിയുടെ അവസാന സീസൺ ആയിരിക്കും വരാനിരിക്കുന്നതെന്ന് അഭ്യൂഹങ്ങൾ ഉള്ളപ്പോൾ നിലവിൽ ഇംഗ്ലണ്ട് ടെസ്റ്റ്‌ ടീമിന്റെ നായകൻ കൂടിയായ ബെൻ സ്റ്റോക്ക്സിന്റെ ടീമിലേക്കുള്ള കടന്ന് വരവ് പുതിയ നായകനാര് എന്ന ആരാധകരുടെ ആശങ്കയും പരിഹരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

മുമ്പ് 2017ൽ പുനെ സൂപ്പർ ജയന്റ്സിൽ ധോണിയും സ്റ്റോക്ക്സും ഒന്നിച്ച് കളിച്ചിട്ടുണ്ട്. അതേസമയം ഇംഗ്ലീഷ് താരം സാം കരനെ 18.50 കോടി രൂപക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. ഐ.പി.എൽ ചരിത്രത്തിൽ തന്നെ ഒരു താരം സ്വന്തമാക്കുന്ന ഏറ്റവും ഉയർന്ന ലേല തുകയാണിത്.

അതേസമയം മലയാളി വെടിക്കെട്ട് ബാറ്റർ വിഷ്ണു വിനോദിനെയാണ് മുംബൈ ഇന്ത്യൻസ് അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് ടീമിലെത്തിച്ചത്.

50 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുളള വിഷ്ണു വിനോദ് 138 സ്‌ട്രൈക്ക് റേറ്റില്‍ 1191 റണ്‍സാണ് ഇത് വരെ സ്വന്തമാക്കിയിട്ടിട്ടുള്ളത്. 33.08 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി. കുട്ടി ക്രിക്കറ്റിൽ മികച്ച ട്രാക്ക് റെക്കോർഡാണ് താരത്തിന്റെ പേരിലുള്ളത്.

 

 

Content Highlights:Chennai Super Kings find Dhoni’s successor Ben Stockes selected For Chennai Super Kings