| Wednesday, 10th May 2023, 7:00 pm

ധോണിയുടെ ആനച്ചന്തത്തില്‍ മയങ്ങി ബൊമ്മനും ബെല്ലിയും; ഓസ്‌കാര്‍ ജേതാക്കളെ ആദരിച്ച് സി.എസ്.കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: എം.എസ് ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ തങ്ങള്‍ മൂവരുടേയും പേരുകള്‍ കണ്ടപ്പോള്‍ ബൊമ്മന്റേയും ബെല്ലിയുടേയും കാര്‍ത്തികി ഗോണ്‍സാല്‍വസിന്റേയും കണ്ണുകളില്‍ ഓസ്‌കാര്‍ നേട്ടത്തേക്കാള്‍ അധികം തിളക്കം കാണാമായിരുന്നു. എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ വെച്ച് പ്രിയപ്പെട്ട തലയുടെ കയ്യില്‍ നിന്ന് തന്നെ ജേഴ്‌സി ഏറ്റുവാങ്ങുമ്പോള്‍ വലിയ ആദരവായി അവര്‍ നെഞ്ചേറ്റുവാങ്ങി.

കഴിഞ്ഞ വര്‍ഷത്തെ ഓസ്‌കാര്‍ നേടിയ മികച്ച ഡോക്യുമെന്ററി ചിത്രമായിരുന്നു ‘ദി എലിഫന്റ് വിസ്പറേഴ്‌സ്’. രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ താരങ്ങളെ ആദരിക്കാന്‍ ക്ഷണിച്ചുവരുത്തുകയായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം അധികൃതര്‍.

ഏറെ സ്‌നേഹത്തോടെ ആനകളെ പരിപാലിക്കുന്ന ബൊമ്മനേയും ബെല്ലിയേയും കൂപ്പുകൈകളോടെയാണ് ധോണി സ്വീകരിച്ചത്. ഡോക്യുമെന്ററി നിര്‍മാതാവ് കാര്‍ത്തികി ഗോണ്‍സാല്‍വസ് ഓസ്‌കാര്‍ പുരസ്‌കാരവും കയ്യിലേന്തിയാണ് ഗ്രൗണ്ടിലെത്തിയത്.

ഏറെ സ്‌നേഹത്തോടെ ഓസ്‌കാര്‍ ജേതാക്കളോട് സംസാരിച്ച ധോണി മകള്‍ സിവയേയും ഇവര്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തി. ചൊവ്വാഴ്ച എം.എ ചിദംബരം സ്റ്റേഡിയത്തില്‍ പരിശീലനത്തിന് ശേഷമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ് ധോണി മൂവര്‍ക്കും തന്റെ സ്വന്തം ഏഴാം നമ്പറിലുള്ള സി.എസ്.കെ ജേഴ്സി സമ്മാനിച്ചത്.

മകള്‍ സിവയേയും കൂട്ടി ഓസ്‌കാര്‍ താരങ്ങള്‍ക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്കും ധോണി പോസ് ചെയ്തു. ഇതിനിടയില്‍ ഓസ്‌കാര്‍ പുരസ്‌കാരം ആവേശത്തോടെ കയ്യിലെടുക്കാനും മതിയാവോളം കണ്ടാസ്വദിക്കാനും സൂപ്പര്‍താരം മറന്നില്ല. ‘സ്‌പെഷ്യല്‍ സന്ദര്‍ഭത്തില്‍ എത്തിച്ചേര്‍ന്ന സ്‌പെഷ്യല്‍ വ്യക്തികള്‍’ എന്ന അടിക്കുറിപ്പോടെ ഇവരുടെ സന്ദര്‍ശനത്തിന്റെ വീഡിയോ സി.എസ്.കെ ട്വിറ്റര്‍ പേജില്‍ പങ്കുവെക്കുകയും ചെയ്തു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എന്നിവരും മൂവരേയും നേരില്‍ക്കണ്ട് അഭിനന്ദിച്ചിരുന്നു. കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത ‘ദി എലിഫന്റ് വിസ്പറേഴ്സ്’ മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തില്‍പെട്ട മുതുമല സ്വദേശികളായ ബൊമ്മന്‍-ബെല്ലി ദമ്പതികളുടെ ജീവിതമാണ് ഈ ഡോക്യുമെന്ററി.

കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ചവരാണ് ബൊമ്മനും ബെല്ലിയും. ഇവര്‍ വളര്‍ത്തുന്ന രഘു, അമ്മു എന്ന് പേരുള്ള രണ്ട് ആനക്കുട്ടികളാണ് കഥയുടെ കേന്ദ്രബിന്ദു. 40 മിനിറ്റാണ് ഡോക്യുമെന്ററി ചിത്രത്തിന്റെ ദൈര്‍ഘ്യം.

content highlights: Chennai Super Kings felicitates Elephant caregivers Bomman, Bellie and Oscar-winning director Kartiki Gonsalves

We use cookies to give you the best possible experience. Learn more