ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തിക്കൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു. ദല്‍ഹിയുടെ കളിത്തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 77 റണ്‍സിനായിരുന്നു ചെന്നൈ വിജയിച്ചുകയറിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സാണ് ചെന്നൈ അടിച്ചുകൂട്ടിയത്. ഡെവോണ്‍ കോണ്‍വേയുടെയും ഋതുരാജ് ഗെയ്ക്വാദിന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സാണ് മുന്‍ ചാമ്പ്യന്‍മാര്‍ക്ക് തുണയായത്.
കോണ്‍വേ 52 പന്തില്‍ നിന്നും 87 റണ്‍സ് നേടിയപ്പോള്‍ ഗെയ്ക്വാദ് 50 പന്തില്‍ നിന്നും 79 റണ്‍സും നേടി.
പടുകൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സിനായി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ തകര്‍ത്തടിച്ചു. 58 പന്തില്‍ നിന്നും 86 റണ്‍സാണ് താരം നേടിയത്. എന്നാല്‍ ക്യാപ്റ്റന് പിന്തുണ നല്‍കാന്‍ മറ്റാര്‍ക്കും സാധിക്കാതെ വന്നതോടെ 77 റണ്‍സിന് മത്സരം ധോണിപ്പട സ്വന്തമാക്കുകയായിരുന്നു.
ചെന്നൈക്കായി ദീപക് ചഹര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശ്രീലങ്കന്‍ ഡെഡ്‌ലി ഡുവോ ആയ തീക്ഷണയും പതിരാനയും രണ്ട് വിക്കറ്റ് വീതവും ജഡേജയും ദേശ്പാണ്ഡേയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ചെന്നൈ സൂപ്പര്‍ കിങ്‌സിനോടേറ്റ തോല്‍വിക്ക് പിന്നാലെ അവസാന ലീഗ് ഘട്ട മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചില്ല എന്നുമാത്രമല്ല, തങ്ങളുടെ റെയ്ന്‍ബോ ജേഴ്‌സിയില്‍ ആദ്യമായി പരാജയപ്പെടേണ്ട ഗതിയും ദല്‍ഹി ക്യാപ്പിറ്റല്‍സിനുണ്ടായി.
2020ലാണ് ഇന്ത്യയുടെ വൈവിധ്യങ്ങളെ കുറിക്കുന്ന റെയ്ന്‍ബോ ജേഴ്‌സി ക്യാപ്പിറ്റല്‍സ് അവതരിപ്പിച്ചത്. തുടര്‍ന്നങ്ങോട്ടുള്ള എല്ലാ സീസണിലും ഒരു മത്സരത്തിലെങ്കിലും ക്യാപ്പിറ്റല്‍സ് ഈ ജേഴ്‌സി ധരിച്ചുപോന്നിരുന്നു. ഈ മത്സരങ്ങളിലെല്ലാം വിജയം ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു.
ചെന്നൈക്കെതിരായ മത്സരത്തിന് മുമ്പ് വരെ നൂറ് ശതമാനമായിരുന്നു റെയ്ന്‍ബോ ജേഴ്‌സിയില്‍ ക്യാപ്പിറ്റല്‍സിന്റെ വിജയശതമാനം. എന്നാല്‍ ഈ തോല്‍വിക്ക് പിന്നാലെ അത് 75 ആയി കുറഞ്ഞു.
ജേഴ്‌സി അവതരിപ്പിച്ച 2020ല്‍ വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആയിരുന്നു ക്യാപ്പിറ്റല്‍സിന്റെ എതിരാളികള്‍. ആ മത്സരത്തില്‍ 59 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമായിരുന്നു ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്. 2021ല്‍ ദൈവത്തിന്റെ പോരാളികളോടും 2021ല്‍ പര്‍പ്പിള്‍ ആര്‍മിയോടും ദല്‍ഹി റെയ്ന്‍ബോ ജേഴ്‌സിയില്‍ ഏറ്റുമുട്ടുകയും വിജയിക്കുകയും ചെയ്തിരുന്നു. നാല് വിക്കറ്റിനായിരുന്നു ദല്‍ഹി ഈ രണ്ട് മത്സരങ്ങളും പിടിച്ചടക്കിയത്.
ടൂര്‍ണമെന്റില്‍ നിന്നും ഇതിനോടകം പുറത്തായ ക്യാപ്പിറ്റല്‍സ് തങ്ങളുടെ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ അവസാന ലീഗ് ഘട്ട മത്സരം വിജയിക്കാനും റെയ്ന്‍ബോ ജേഴ്‌സിയുടെ ലെഗസി കാക്കാനും കൂടി വേണ്ടിയായിരുന്നു ഇറങ്ങിയത്. എന്നാല്‍ ചെന്നൈയുടെ ടോട്ടല്‍ ഡോമിനേഷനില്‍ വാര്‍ണറും സംഘവും മുങ്ങിപ്പോവുകയായിരുന്നു.
ക്യാപ്പിറ്റല്‍സിനെതിരായ വിജയത്തിന് പിന്നാലെ 14 മത്സരത്തില്‍ നിന്നും 16 പോയിന്റോടെ പ്ലേ ഓഫ് ഉറപ്പിക്കാനും ചെന്നെക്കായി. ഗുജറാത്ത് ടൈറ്റന്‍സിന് പിന്നാലെ രണ്ടാം സ്ഥാനക്കാരായാണ് ചെന്നൈ പ്ലേ ഓഫിന് യോഗ്യത നേടിയത്.
Content Highlight: Chennai Super Kings ends the winning streak of Delhi Capitals’ Rainbow Jersey