ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് തോല്‍വി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സ് ഏഴ് വിക്കറ്റുകള്‍ക്കാണ് ചെന്നൈയെ പരാജയപ്പെടുത്തിയത്.
ചെന്നൈയുടെ തട്ടകമായ ചെപ്പാക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ഹോം ടീമിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
48 പന്തില്‍ 62 റണ്‍സ് നേടിയ നായകന്‍ റിതുരാജ് ഗെയ്ക്വാദിന്റെ കരുത്തിലാണ് ചെന്നൈ മാന്യമായ സ്‌കോറിലേക്ക് നീങ്ങിയത്. അഞ്ച് ഫോറുകളും രണ്ട് സിക്സുകളും ആണ് ചെന്നൈ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്. അജിങ്ക്യ രഹാനെ 24 പന്തില്‍ 29 റണ്‍സും സമീര്‍ റിസ്വി 23 പന്തില്‍ 21 റണ്‍സും നേടി നിര്‍ണായകമായി.
മത്സരത്തില്‍ 7-15 ഓവര്‍ വരെ ഒരു ബൗണ്ടറി പോലും നേടാന്‍ ചെന്നൈക്ക് സാധിച്ചിരുന്നില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ചെന്നൈ മിഡില്‍ ഓവറുകളില്‍ ഒരു ബൗണ്ടറി പോലും നേടാതിരിക്കുന്നത്.
ഇതിനുപിന്നാലെ മറ്റൊരു മോശം നേട്ടവും ചെന്നൈ സ്വന്തമാക്കി. 2011 സീസണുകള്‍ മുതലുള്ള കണക്കുകള്‍ പ്രകാരം ഒരു മത്സരത്തില്‍ 7-15 ഓവറുകളില്‍ ഒരു ബൗണ്ടറി പോലും നേടാത്ത നാലാമത്തെ ടീമായി മാറാനും സൂപ്പര്‍ കിങ്‌സിന് സാധിച്ചു.