| Sunday, 30th April 2023, 8:45 pm

ഈ തോല്‍വി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, ഇവര്‍ പഞ്ചാബിന്റെ ചെണ്ടകളാണ്; തലക്ക് മീതെ വീണ്ടും പാറി പഞ്ചാബ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനോട് വീണ്ടും പരാജയപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സ്വന്തം തട്ടകമായ ചെപ്പോക്കില്‍ വെച്ച് നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇത്തവണ ചെന്നൈ പഞ്ചാബിനോട് തോറ്റത്.

തുടര്‍ച്ചയായ നാലാം തവണയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പഞ്ചാബ് കിങ്‌സിനോട് പരാജയപ്പെടുന്നത്. കഴിഞ്ഞ സീസണിലെ രണ്ട് മത്സരത്തിലും 2021ലെ രണ്ട് കളിയില്‍ രണ്ടാം മത്സരത്തിലും വിജയിച്ചത് പഞ്ചാബ് കിങ്‌സായിരുന്നു. 2021 ഏപ്രില്‍ 16നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പഞ്ചാബിനോട് അവസാനമായി വിജയിച്ചത്.

2021 ഒക്ടബോര്‍ 21 മുതലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പഞ്ചാബിനോട് തോറ്റുതുടങ്ങിയത്. അന്ന് ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ 42 പന്തും ആറ് വിക്കറ്റും ബാക്കി നില്‍ക്കവെയാണ് പഞ്ചാബ് വിജയിച്ചുകയറിയത്. 42 പന്തില്‍ നിന്നും 92 റണ്‍സ് നേടിയ അന്നത്തെ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലായിരുന്നു കളിയിലെ താരം.

ഇതിന് ശേഷം 2022 ഏപ്രില്‍ മൂന്നിനാണ് ഇരുവരും മുഖാമുഖം വന്നത്. ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ 54 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. പഞ്ചാബ് ഉയര്‍ത്തിയ 181 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 126 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

സീസണില്‍ ഏപ്രില്‍ 25ന് ഇരുവരും വീണ്ടും കൊരുത്തപ്പോള്‍ ധോണിപ്പട വീണ്ടും തോല്‍വി രുചിച്ചു. ഇത്തവണ 11 റണ്‍സിനായിരുന്നു ചെന്നൈയുടെ പരാജയം.

എന്നാല്‍ ഈ തോല്‍വികളേക്കാളേറെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മാനസികമായി തളര്‍ത്തുന്നതായിരുന്നു ഞായറാഴ്ച നടന്ന മത്സരത്തിലെ തോല്‍വി. സ്വന്തം തട്ടകത്തില്‍ വെച്ച് നടന്ന മത്സരത്തിലാണ് ചെന്നൈ പരാജയപ്പെട്ടത്. ചെപ്പോക്കില്‍ വെച്ച് സീസണിലെ രണ്ടാം പരാജയമാണ് ചെന്നൈ വഴങ്ങിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ ഉയര്‍ത്തിയ 201 റണ്‍സിന്റെ വിജയലക്ഷ്യം അവസാന പന്തില്‍ മറികടക്കുകയായിരുന്നു.
ഡെവോണ്‍ കോണ്‍വേയുടെ തകര്‍പ്പന്‍ ഇന്നിങ്സിന്റെ ബലത്തിലാണ് സൂപ്പര്‍ കിങ്സ്200ലേക്കുയര്‍ന്നത്. 52 പന്തില്‍ നിന്നും പുറത്താകാതെ 92 റണ്‍സാണ് താരം നേടിയത്.

201 റണ്‍സ് ചെയ്സ് ചെയ്തിറങ്ങിയ പഞ്ചാബിനായി ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിങ്ങും ലിയാം ലിവിങ്സ്റ്റണും വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചു. പ്രഭ്സിമ്രാന്‍ 24 പന്തില്‍ നിന്നും 42 റണ്‍സ് നേടിയപ്പോള്‍ ലിവിങ്സ്റ്റണ്‍ 24 പന്തില്‍ നിന്നും 40 റണ്‍സും നേടി.

അവസാന ഓവറുകളില്‍ ജിതേഷ് ശര്‍മയുടെ തകര്‍പ്പന്‍ അടിയും പഞ്ചാബിന് തുണയായി. പത്ത് പന്തില്‍ നിന്നും 21 റണ്‍സാണ് ജിതേഷ് ശര്‍മ നേടിയത്.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ഒരു ടീമിലെ ഒരു താരം പോലും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാതെ 200+ റണ്‍സ് ചെയ്സ് ചെയ്ത് വിജയിക്കുന്നത്.

Content Highlight: Chennai Super Kings’ consecutive losses against Punjab Kings

We use cookies to give you the best possible experience. Learn more