| Wednesday, 29th November 2023, 11:56 pm

അവന് പകരക്കാരനായി മറ്റാരുമില്ല: ചെന്നൈ സൂപ്പര്‍ കിങ്‌സ് സി.ഇ.ഒ

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ മാമാങ്കത്തിന് മുന്നോടിയായി ഡിസംബര്‍ 19ന് ഐ.പി.എല്‍ താരലേലം നടക്കാനിരിക്കുകയാണ്. ഇതിനോടകം പല ടീമുകളും താരങ്ങളെ റിലീസ് ചെയ്യുകയും നില നിര്‍ത്തുകയും ട്രേഡ് ചെയ്യുകയും ഉണ്ടായിരുന്നു. നവംബര്‍ 30ന് ആണ് ഇതിനുള്ള അവസാന തിയ്യതിയും.

ഇതോടെ മിനി താരലേലത്തിന് മുന്നോടിയായി പണം സ്വരൂപിക്കാന്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് കുറച്ചു താരങ്ങളെ വിട്ടയച്ചിരുന്നു. നിലവിലെ ചാമ്പ്യന്മാര്‍ വിട്ടയച്ച താരങ്ങളില്‍ പ്രധാനപ്പെട്ട ഒരാളായിരുന്നു അമ്പാട്ടി റായിഡു. 2018ല്‍ സി.എസ്.കെ. യില്‍ ചേര്‍ന്ന റായിഡു അന്നുമുതല്‍ തന്നെ ടീമിന്റെ ബാറ്റിങ് ലൈനപ്പില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. 2023 ഐ.പി.എല്ലില്‍ സി.എസ്.കെക്ക് വേണ്ടി തന്റെ അവസാന മത്സരം കളിക്കുമെന്ന് റായിഡു പ്രഖ്യാപിച്ചിരുന്നു. ഫൈനലില്‍ വിജയിച്ചതോടെ താരം ഔദ്യോഗികമായ വിരമിക്കലും പ്രഖ്യാപിച്ചു.

മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിനോടകം അഞ്ച് ഐ.പി.എല്‍ കിരീടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. എന്നിരുന്നാലും അമ്പാട്ടി റായിഡുവിന്റെ വിരമിക്കലിനുശേഷം താരത്തിന്റെ പിന്‍ഗാമിയെക്കുറിച്ചുള്ള ആശയക്കുഴപ്പം പരിഹരിക്കാനായിട്ടില്ല എന്നാണ് ടീമിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എസ്. വിശ്വനാഥന്‍ പറയുന്നത്.

അവര്‍ അത്തരത്തിലുള്ള ഒരു മികച്ച ബാറ്റര്‍ക്ക് വേണ്ടി തെരഞ്ഞെങ്കിലും അതില്‍ പരാജയപ്പെടുകയായിരുന്നു.

‘അമ്പാട്ടി റായിഡുവിന് പകരക്കാരനായി ഞങ്ങള്‍ ചില താരങ്ങളെ നോക്കിയെങ്കിലും ഞങ്ങള്‍ക്ക് നേടാനായില്ല. പക്ഷേ അത് അങ്ങനെയാണ് ഒരു കച്ചവടത്തിനായി നിങ്ങള്‍ക്ക് ഒരു കളിക്കാരനെ ലഭിക്കുമെന്നത് ഉറപ്പുള്ളതല്ല. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ റോബിന്‍ ഉത്തപ്പക്കുവേണ്ടി മാത്രമാണ് ഞങ്ങള്‍ ട്രേഡ് നടത്തിയിട്ടുണ്ടായിരുന്നത്,’കെ.എസ്. വിശ്വനാഥന്‍ കൂട്ടിച്ചേര്‍ത്തു.

2023ല്‍ ചെന്നൈ ഐ.പി.എല്‍ കിരീടം നേടിയെങ്കിലും സുരേഷ് റെയ്‌ന അമ്പാട്ടി റായിഡു, ബ്രാവോ എന്നിവരെ ഉള്‍പ്പെടെ നിരവധി പ്രധാന കളിക്കാര്‍ സമീപകാലത്ത് സീസണുകളില്‍ നിന്നും വിരമിച്ചതിനാല്‍ ടീം ഒരു പുതിയ യുഗത്തിലേക്കാണ് കടന്നു പോകുന്നത്. എന്നിരുന്നാലും മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇനിയും സീസണുകള്‍ ചെന്നൈക്ക് കളിക്കാന്‍ കഴിയുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.

Content Highlight: Chennai Super Kings C.E.O says there is no one to replace Ambati Rayudu

We use cookies to give you the best possible experience. Learn more