ഐ.പി.എല്‍ ട്രോഫി പൂജക്ക് വെച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്
Cricket news
ഐ.പി.എല്‍ ട്രോഫി പൂജക്ക് വെച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th May 2023, 11:56 pm

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അഹമ്മദാബാദില്‍ നടന്ന ആവേശകരമായ ഫൈനലിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയ ഐ.പി.എല്‍ ട്രോഫി ചെന്നൈയിലെത്തി. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ട്രോഫി ചെന്നൈ എയര്‍പോര്‍ട്ടിലെത്തിയത്.

ചെന്നൈയിലെ ത്യാഗരായ നഗറിലെ തിരുമല തിരുപ്പതി ദേവസ്ഥാനം(ടി.ടി.ഡി) ക്ഷേത്രത്തില്‍ ടീം മാനേജ്‌മെന്റ് ട്രോഫി പൂജക്കുവെച്ചതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. സ്‌പെഷ്യല്‍ പൂജക്കായി ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് നേരെ ക്ഷേത്രത്തിലേക്കാണ് ട്രോഫി കൊണ്ടുപോയതെന്നും ക്ഷേത്രത്തിലെ വെങ്കിടേശ്വര സ്വാമിയുടെ പാദങ്ങളില്‍ ട്രോഫി സ്ഥാപിച്ചതായും റിപ്പോര്‍ട്ടില്‍ പറുയുന്നു.

ടീ മാനേജ്‌മെന്റാണ് പൂജ നടത്തിയത്. കളിക്കാരോ സപ്പോര്‍ട്ടിങ്ങ് സ്റ്റാഫിലെ മറ്റ് അംഗങ്ങളോ ഇതിന്റെ ഭാഗമായിരുന്നില്ല. വിജയികളാകുന്ന വര്‍ഷങ്ങളില്‍ ചെന്നൈയിലെ പ്രശസ്തമായ ടി.ടി.ഡി ക്ഷേത്രത്തിലേക്ക് ഐ.പി.എല്‍ ട്രോഫി ടീം മാനേജ്‌മെന്റ് സ്ഥിരമായി കൊണ്ടുവരാറുണ്ട്.

അതേസമയം, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറുകളില്‍ 214/4 എന്ന സ്‌കോര്‍ നേടിയപ്പോള്‍ മഴയെത്തുടര്‍ന്ന് ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍ നിശ്ചയിക്കുകയായിരുന്നു.

ഫൈനല്‍ ഓവറില്‍ രവീന്ദ്ര ജഡേജ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് സി.എസ്.കെയെ അഞ്ചാം ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിടിയിപ്പിച്ചത്. ഇതോടെ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിന്റെ റെക്കോഡിനൊപ്പമെത്താന്‍ ചെന്നൈക്ക് സാധിച്ചു.