| Saturday, 25th February 2023, 7:13 pm

ധോണി ഇല്ലാതിരുന്നപ്പോള്‍ പോലും എന്നും അവനവിടെ ഉണ്ടായിരുന്നു; ചരിത്രത്തിലാദ്യമായി ചിന്നത്തലയില്ലാതെ ചെന്നൈ ചെപ്പോക്കിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ക്ക് മാത്രമല്ല, ഐ.പി.എല്‍ ആരാധകര്‍ക്കും ഒരിക്കല്‍ പോലും മറക്കാന്‍ സാധിക്കാത്ത പേരാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌നയുടേത്. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എം.എസ്. ധോണി ആരാധകരുടെ തലയായിരുന്നെങ്കില്‍ റെയ്‌ന അവരുടെ ചിന്നത്തലയായിരുന്നു.

ഒരുപക്ഷേ, ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ക്ക് ധോണിയേക്കാള്‍ ഇമോഷണലി അറ്റാച്ച്‌മെന്റ് കൂടുതലും റെയ്‌നയോട് തന്നെയായിരുന്നു. അതുകൊണ്ടുതന്നെയാണ് റെയ്‌നയെ ടീമില്‍ ഉള്‍പ്പെടുത്താത്തതിന് അവര്‍ ധോണിയോട് പോലും കലിപ്പായത്.

2008 മുതല്‍ സുരേഷ് റെയ്‌ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയായിരുന്നു ബാറ്റേന്തിയത്. ഐ.പി.എല്ലില്‍ കളിക്കുന്നെങ്കില്‍ അത് ചെന്നൈക്ക് വേണ്ടി മാത്രമായിരിക്കുമെന്ന് പ്രഖ്യാപിച്ച് റെയ്‌ന ആരാധകരെ ഞെട്ടിച്ചിരുന്നു.

ചെന്നൈക്ക് വിലക്ക് ലഭിച്ച വര്‍ഷങ്ങളിലൊഴികെ മറ്റെല്ലാ സീസണിലും റെയ്‌ന സൂപ്പര്‍ കിങ്‌സിനൊപ്പം മാത്രമായിരുന്നു.

”എനിക്ക് ഇനിയും നാലോ അഞ്ചോ വര്‍ഷമുണ്ട്. ഈ വര്‍ഷം ഐ.പി.എല്‍. ഉണ്ട്. അടുത്ത വര്‍ഷം രണ്ടു ടീമുകള്‍ കൂടി വരും. പക്ഷേ ഞാന്‍ കളിക്കുന്നതുവരെ ചെന്നൈയ്ക്ക് വേണ്ടി മാത്രമേ കളിക്കൂ,” എന്നായിരുന്നു 2021ല്‍ ഒരു അഭിമുഖത്തില്‍ റെയ്‌ന പറഞ്ഞത്.

എന്നാല്‍, 2022 മെഗാ ലേലത്തില്‍ ടീം റെയ്‌നയെ ടീമിലെടുത്തിരുന്നില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സ് മാത്രമല്ല, ഒരു ടീമും റെയ്‌നയെ വാങ്ങാന്‍ താത്പര്യം കാണിച്ചിരുന്നില്ല. ഐ.പി.എല്ലിനെ ഡിഫൈന്‍ ചെയ്ത, മിസ്റ്റര്‍ ഐ.പി.എല്‍ എന്ന് ആരാധകരും ക്രിക്കറ്റ് ലോകവും ഒന്നുപോലെ വിശേഷിപ്പിച്ച റെയ്‌നയില്ലാത്ത ഐ.പി.എല്ലിനായിരുന്നു 2022 സാക്ഷ്യം വഹിച്ചത്. ഇതിന് പിന്നാലെ താരം വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഏറെ നാളുകള്‍ക്ക് ശേഷം, പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണ്ടും ചെപ്പോക്കില്‍ കളിക്കാനിറങ്ങുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലാണ് സൂപ്പര്‍ കിങ്‌സ് ഒരിക്കല്‍ക്കൂടി ഹോം ഗ്രൗണ്ടിലേക്കിറങ്ങുന്നത്.

എന്നാല്‍ ചെപ്പോക്കിലെ ആരാധകര്‍ ഇത്തവണ ശരിക്കും മിസ് ചെയ്യാന്‍ പോകുന്നത് തങ്ങളുടെ ചിന്നത്തലയെ തന്നെയായിരിക്കും. കാരണം ചെന്നൈ സൂപ്പര്‍ കിങ്‌സ് ചെപ്പോക്കില്‍ കളിച്ച എല്ലാ മത്സരത്തിലും റെയ്‌ന ഇറങ്ങിയിരുന്നു.

ധോണി പോലും ചെപ്പോക്കില്‍ കളിക്കാതിരുന്നപ്പോഴും ആരാധകര്‍ക്ക് കരുത്തായി റെയ്‌ന ടീമിനൊപ്പമുണ്ടായിരുന്നു. ആ റെയ്‌നയില്ലാതെ ചരിത്രത്തിലാദ്യമായി ചെന്നൈ ചെപോക് ചിദംബരം സ്‌റ്റേഡിയത്തിലേക്കിറങ്ങുകയാണ്. ഏപ്രില്‍ മൂന്നിനാണ് ചെന്നൈ – ലഖ്‌നൗ മത്സരം.

കഴിഞ്ഞ സീസണിലെ പേരുദോഷം മുഴുവന്‍ മാറ്റിയെടുക്കാന്‍ തന്നെയാകും മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാര്‍ ഐ.പി.എല്‍ 2023നിറങ്ങുന്നത്.

സുരേഷ് റെയ്‌നയില്ലാതെ ചെപ്പോക്കില്‍ ആദ്യ മത്സരം കളിക്കാനൊരുങ്ങി ചെന്നൈ സൂപ്പര്‍ കിങ്‌സ്

Content Highlight: Chennai Super Kings are set to play their first match without Suresh Raina in Chepauk

We use cookies to give you the best possible experience. Learn more