ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ട് ദിവസമായി തുടരുന്ന കനത്തമഴയെ തുടര്‍ന്ന് കൂടുതല്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കാനും മന്ത്രിമാരോട് നേരിട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മുഖ്യമന്ത്രി എടപ്പടി പളനി സ്വാമി നിര്‍ദേശം നല്‍കി.
ചെന്നൈയിലടക്കം വിവിധ സ്ഥലങ്ങളില്‍ മഴ തുടരുന്നത് മൂലം വിവിധയിടങ്ങളിലായി വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പലയിടങ്ങളിലും വീടുകളും കടകളും വെള്ളത്തിനടിയിലാണ്. നൂറ്റി പതിനഞ്ച് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കാനും മന്ത്രിമാരോടും ഐ.എ.എസ് ഉദ്യോഗസ്ഥരോടും മുന്‍കരുതലുകള്‍ വിലയിരുത്താനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചെന്നൈക്ക് പുറമേ കാഞ്ചീപുരം, തിരുവള്ളൂര്‍ തുടങ്ങി തീരദേശ ജില്ലകളിലെല്ലാം വ്യാപക മഴയാണ്. മധുരയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ട് കുട്ടികള്‍ മരിച്ചു. പലയിടങ്ങളിലും തടയണകള്‍ പൊട്ടി കൃഷിഭൂമി വെള്ളത്തിനടിയിലാണ്.
വടക്കുകിഴക്കന്‍ കാലവര്‍ഷം തുടങ്ങി മൂന്ന് ദിവസം കഴിഞ്ഞ് മാത്രമാണ് സര്‍ക്കാര്‍ ഓട നവീകരണത്തിന് ഉത്തരവ് നല്‍കിയതെന്നത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
കനത്തമഴയെ തുടര്‍ന്ന് പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധിയും യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റിവെക്കുകയും ചെയ്തു.