ചെന്നൈയിലെ പബ്ബിൽ സ്ത്രീകൾക്കെതിരെ മാധ്യമങ്ങളുടെ സദാചാരം; മാധ്യമപ്രവർത്തകൻ ഉൾപ്പെടെ ആറ് പേർക്കെതിരെ കേസ്
national news
ചെന്നൈയിലെ പബ്ബിൽ സ്ത്രീകൾക്കെതിരെ മാധ്യമങ്ങളുടെ സദാചാരം; മാധ്യമപ്രവർത്തകൻ ഉൾപ്പെടെ ആറ് പേർക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th November 2023, 10:14 pm

ചെന്നൈ: ചെന്നൈയിൽ പബ്ബിന് പുറത്ത് സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്ത് വാർത്ത നൽകി അപമാനിച്ച സംഭവത്തിൽ മാധ്യമപ്രവർത്തകനുൾപ്പെടെ ആറ് പേർക്കെതിരെ കേസ്.

ന്യൂസ്‌ തമിൽ 24×7 റിപ്പോർട്ടർ സുദർശൻ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് ചെന്നൈയിലെ ബിഗ് ബുൾ ലോഞ്ച് എന്ന പബ്ബിന് പുറത്ത് സംഘർഷ സാഹചര്യം സൃഷ്ടിച്ചതിന് ചെന്നൈ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പ്രതികൾക്കെതിരെ തമിഴ്നാട് പ്രിവൻഷൻ ഓഫ് വുമൺ ഹറാസ്മെന്റ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.

ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ദിവസം രാത്രി പബ്ബിന് പുറത്ത് വെച്ച് സ്ത്രീകളെ പിന്തുടർന്ന മാധ്യമപ്രവർത്തകർ അവരെ അപമാനിക്കുകയും സദാചാര പൊലീസ് ചമയുകയും ചെയ്തത് നേരത്തെ വിവാദമായിരുന്നു.

‘ ബാറിൽ നിന്ന് പുറത്തിറങ്ങിയ സ്ത്രീകൾക്കെതിരെ ചിലർ മോശം പരാമർശം നടത്തുന്ന വീഡിയോ ചാനലുകളിൽ സംപ്രേക്ഷണം ചെയ്തിരുന്നു,’ ചെന്നൈ പോലീസ് പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു.

ഐ.പി.സി സെക്ഷൻ 143, 341, 294(ബി), 354(എ), 509 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

പബ്ബ് അടക്കാൻ നേരം എത്തിയ ചിലർക്ക് പ്രവേശനം അനുവദിക്കാത്തതിനെ തുടർന്ന് സംഘം പബ്ബിലെ സ്റ്റാഫുമായി തർക്കമുണ്ടായി. പബ്ബിലെ സ്റ്റാഫ് പൊലീസിനെ വിളിക്കുകയും സംഘത്തിലൊരാൾ ഒരു മാധ്യമസുഹൃത്തിനെ വിളിക്കുകയും ചെയ്തു.

തുടർന്ന് ന്യൂസ് തമിഴ് 24×7 ചാനലിന് പുറമേ തന്തി ടി.വി, പോളിമർ ന്യൂസ്‌ എന്നിവരും വാർത്ത പുറത്തുവിട്ടിരുന്നു. പബ്ബിൽ പൊലീസ് റെയ്ഡ് നടന്നു എന്ന രീതിയിൽ പുറത്തുവന്ന വാർത്തയിൽ ചാനലുകൾ സ്ത്രീകളുടെ വേഷവും പബ്ബിലെ അവരുടെ സാന്നിധ്യവുമായിരുന്നു ചർച്ചയാക്കിയത്.

CONTENT HIGHLIGHT: Chennai pub incident: FIR against News Tamil 24*7 crime reporter, 5 others