|

സിന്തറ്റിക് മയക്കുമരുന്ന് വില്‍ക്കാന്‍ ഉപയോഗിക്കുന്നുവെന്ന് ആരോപണം; എല്‍.ജി.ബി.ടി.ക്യു ഡേറ്റിങ് ആപ്പ് ഗ്രിന്‍ഡര്‍ നിരോധിക്കണമെന്ന് ചെന്നൈ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ LGBTQIA+ കമ്മ്യൂണിറ്റി ഉപയോഗിക്കുന്ന ഡേറ്റിങ് ആപ്പായ ഗ്രിന്‍ഡര്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ പൊലീസ്.

മെത്താംഫെറ്റാമൈന്‍ എന്ന സിന്തറ്റിക് മയക്കുമരുന്നിന്റെ വില്‍പ്പനക്കായി ആപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് പൊലീസ് ആവശ്യം അറിയിച്ചത്. ഗ്രേറ്റര്‍ ചെന്നൈ പൊലീസാണ് ആപ്പ് നിരോധിക്കാന്‍ ആവശ്യപ്പെട്ടത്.

ഗ്രിന്‍ഡര്‍ താത്കാലികമായി നിര്‍ത്തിവെക്കുകയോ നിരോധിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ ഉന്നത അധികാരികള്‍ക്ക് കത്തെഴുതുകയായിരുന്നു.

ആപ്പ് വഴി സിന്തറ്റിക് മയക്കുമരുന്നുകള്‍ വില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 2024 ഓഗസ്റ്റ് മുതല്‍ 21ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ജി.സി.പിയുടെ കീഴില്‍ പുതുതായി രൂപീകരിച്ച ആന്റി നാര്‍ക്കോട്ടിക് ഇന്റലിജന്‍സ് യൂണിറ്റാണ് ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആപ്പിലൂടെ മയക്കുമരുന്ന് വില്‍പ്പന നടത്തിയവരില്‍ രണ്ട് സി.പി.ഒ ഉദ്യോഗസ്ഥരും ഉണ്ടെന്ന് പൊലീസ് പറയുന്നു. ആപ്പിലെ ബയോയില്‍ ഒരു പ്രത്യേക ചിഹ്നം ഉള്‍പ്പെടുത്തി, ഇത് രഹസ്യ കോഡായി ഉപയോഗിച്ചാണ് വില്‍പ്പന നടത്തുന്നതെന്നാണ് പൊലീസിന്റെ വാദം.

എന്നാല്‍ ഇതുസംബന്ധിച്ച് നേരിട്ടുള്ള തെളിവുകളൊന്നും ലഭ്യമായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിലവില്‍ ഉന്നയിച്ച ആവശ്യത്തിന് പിന്നില്‍ സിന്തറ്റിക് മരുന്നുകള്‍ ഇല്ലാതാക്കുന്നതിനുള്ള ഗ്രേറ്റര്‍ ചെന്നൈ പൊലീസിന്റെ പ്രതിബദ്ധതയാണെന്ന് ജോയിന്റ് പൊലീസ് കമ്മീഷണര്‍ പി. വിജയകുമാര്‍ പറഞ്ഞു.

ഇതിനിടെ ഗ്രിന്‍ഡര്‍ ആപ്പ് പൊതുസമൂഹത്തിന് ശല്യമുണ്ടാക്കുന്നുവെന്ന് കാണിച്ച് തമിഴ്നാട് ഡി.ജി.പിയുടെ ഓഫീസ് വഴി കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിലെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന് ഒരു സന്ദേശം അയച്ചതായും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം പൊലീസിന്റെ ആവശ്യത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. മയക്കുമരുന്ന് വില്‍പ്പനക്കായി ഗ്രിന്‍ഡര്‍ എത്ര പേരാണ് ഉപയോഗിക്കുന്നതെന്ന കണക്ക് പൊലീസിന്റെ പക്കലുണ്ടോയെന്ന് ചോദ്യമുയര്‍ന്നു.

നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കാതിരിക്കാന്‍ പൊലീസ് LGBTQ+ കമ്മ്യൂണിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ക്വീർ ആക്റ്റിവിസ്റ്റുകള്‍ പ്രതികരിച്ചു.

Content Highlight: Chennai Police wants LGBTQ dating app Grindr banned

Latest Stories