കൊവിഡ് ബാധിച്ച് മരിച്ച ഡോക്‌റുടെ മൃതശരീരം സംസ്‌കരിക്കാനെത്തിയവര്‍ക്ക് നേരെ നാട്ടുകാരുടെ ആക്രമണം; ഒടുവില്‍ ആംബുലന്‍സ് ഓടിച്ചത് മറ്റൊരു ഡോക്ടര്‍
COVID-19
കൊവിഡ് ബാധിച്ച് മരിച്ച ഡോക്‌റുടെ മൃതശരീരം സംസ്‌കരിക്കാനെത്തിയവര്‍ക്ക് നേരെ നാട്ടുകാരുടെ ആക്രമണം; ഒടുവില്‍ ആംബുലന്‍സ് ഓടിച്ചത് മറ്റൊരു ഡോക്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th April 2020, 10:24 pm

ചെന്നൈ: കൊവിഡ് വ്യാപനത്തിനെതിരെ രാജ്യം ഒരുമിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനിടെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാതെ പ്രദേശവാസികള്‍. 55 കാരനായ ന്യൂറോസര്‍ജന്‍ ഡോ സൈമണ്‍ ഹെര്‍കുലീസിന്റെ മരണത്തെത്തുടര്‍ന്നായിരുന്നു സംഭവം. ചെന്നൈയിലെ ആശുപത്രിയില്‍വെച്ചായിരുന്നു ഇദ്ദേഹം കൊവിഡ് ബാധയെത്തുടര്‍ന്ന് മരണമടഞ്ഞത്.

കൊവിഡ് പോസിറ്റീവാണെന്ന് പരിശോധനാ ഫലം വന്നതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായ ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നതെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചത്. ചികിത്സ തുടരവെ ഞായറാഴ്ച വൈകീട്ട് ഹൃദയാഘാതം സംഭവിക്കുകയും തുടര്‍ന്ന് ഇദ്ദേഹം മരണത്തിന കീഴങ്ങുകയുമായിരുന്നു.

ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കില്‍പൗകിലെ സെമിത്തേരിയിലേക്ക് കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. മൃതദേഹം സെമിത്തേരിയില്‍ എത്തിക്കുമ്പോഴേക്കും കൊവിഡ് ബാധിച്ച് മരിച്ചയാളെ സംസ്‌കരിക്കാന്‍ കൊണ്ടുവരുന്നു എന്ന വാര്‍ത്ത പ്രദേശവാസികള്‍ക്കിടയില്‍ പ്രചരിച്ചു. മൃതദേഹം ഇവിടെ സംസ്‌കരിക്കാന്‍ അനുവദിക്കരുതെന്ന സന്ദേശവും അതോടൊപ്പമുണ്ടായിരുന്നു.

ഇതോടെ മൃതദേഹുമായി എത്തിയ ആംബുലന്‍സ് പ്രദേശ വാസികള്‍ ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് ഇവര്‍ കല്ലുകളും വടികളും ഉപയോഗിച്ച് ആരോഗ്യപ്രവര്‍ത്തകരെയും ആംബുലന്‍സിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെയും സംഘം മര്‍ദ്ദിച്ചു.

കല്ലേറില്‍ ആംബുലന്‍സിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു. ആംബുലന്‍സിലുണ്ടായിരുന്ന ഡോക്ടറുടെ കുടുംബാംഗങ്ങള്‍ ആക്രമണത്തിനിടെ ഓടി രക്ഷപെടുകയായിരുന്നെന്നാണ് വിവരം.

ആക്രമണത്തെത്തുടര്‍ന്ന് പൊലീസിന്റെ സംരക്ഷണയില്‍ മൃതദേഹം മറ്റൊരിടത്ത് സംസ്‌കരിക്കാന്‍ തീരുമാനിച്ചെങ്കിലും ആംബുലന്‍സ് ഡൈവര്‍ക്കേറ്റ പരിക്ക് തിരിച്ചടിയായി. തുടര്‍ന്ന് ഹെര്‍ക്കുലീസിന്റെ സുഹൃത്തായ മറ്റൊരു ഡോക്ടര്‍ ആംബുലന്‍സ് ഓടിക്കാന്‍ തയ്യാറാവുകയായിരുന്നു. മൃതദേഹം പൊലീസിന്റെ സംരക്ഷണയില്‍ സംസ്‌കരിക്കുകയും ചെയ്തു.

ഇദ്ദേഹത്തിന്റെ മറ്റൊരു സുഹൃത്തായ ഡോ ഭാഗ്യരാജാണ് ഇക്കാര്യങ്ങള്‍ ട്വീറ്റിലൂടെ പങ്കുവെച്ചത്.

‘ഇതാണോ ഡോക്ടര്‍മാര്‍ നേരിടേണ്ടി വരിക? ഇങ്ങനെയാണോ പൊതുജനം ഞങ്ങള്‍ക്ക് പ്രതിഫലം തരിക? ഈ വീഡിയോ പുറത്തുവിടാന്‍ എനിക്ക് നാണക്കേടുണ്ട്. നമ്മള്‍ക്ക് അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിഞ്ഞില്ല, സംസ്‌കരിക്കാനും. അദ്ദേഹത്തിന്റെ ആത്മാവിന് സമാദാനം ലഭിക്കുമോ’, ഭാഗ്യരാജ് ട്വീറ്റില്‍ കുറിച്ചു.

ആള്‍ക്കൂട്ടം ആക്രമണം നടത്തിയ ഒരു ഘട്ടത്തില്‍ മൃതദേഹം ഉപേക്ഷിച്ച് ജീവന്‍ രക്ഷിക്കേണ്ട അവസ്ഥയുമുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ചെന്നൈ പൊലീസ് അണ്ണ നഗറിലെ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.