ചെന്നൈയില്‍ 26 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ്; ചാനല്‍ പൂട്ടി
India
ചെന്നൈയില്‍ 26 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ്; ചാനല്‍ പൂട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st April 2020, 3:06 pm

ചെന്നൈ: ചെന്നൈയില്‍ 26 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ്. എല്ലാവരും സ്വകാര്യ ചാനല്‍ ജീവനക്കാരാണ്. ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചാനല്‍ പൂട്ടി.

ചെന്നൈയില്‍ കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥീരികരിച്ചു. ചെന്നൈയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം വ്യാപിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരിലും കൂട്ടത്തോടെ രോഗം പടരുന്നത്.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ആരോഗ്യ സെക്രട്ടറിയുടെ ദിവസേനയുള്ള വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

തമിഴ്‌നാട്ടില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.

അതിനിടെ വാരാണസി തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ രണ്ട് പേര്‍ക്ക് ചെന്നൈയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവള്ളൂര്‍ സ്വദേശികളായ രണ്ട് സ്ത്രീകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

59 വയസാണ് ഇരുവര്‍ക്കും പ്രായമെന്ന് സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. പി. ബാലാജി പറഞ്ഞു.

127 പേരടങ്ങിയ സംഘമാണ് വാരാണസിയില്‍ നിന്ന് വെള്ളിയാഴ്ച തിരുവള്ളൂരിലെത്തിയത്. മാര്‍ച്ച് 15 മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച 24 വരെയുള്ള ദിവസങ്ങളില്‍ ഇവര്‍ അലഹാബാദ്, കാശി, ഗയാ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. 1520 പേര്‍ക്കാണ് തിങ്കളാഴച വരെ തമിഴ്നാട്ടില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.

മുംബൈയില്‍ 53 മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 171 പേരെ പരിശോധിച്ചപ്പോള്‍ 53 പേരുടെ പരിശോധനാഫലവും പോസിറ്റീവാണ്. വിവിധ ചാനലുകളിലെ ക്യാമറാമാന്‍മാര്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.