national news
"ഈ ഒരു ആംഗിളില്‍ ഒന്നൂടെ എടുക്കൂ"; വെള്ളപ്പൊക്കത്തില്‍ പകച്ച് നില്‍ക്കുന്ന തമിഴ്‌നാട്ടില്‍ ഫോട്ടോഷൂട്ട് നാടകവുമായി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th November 2021, 12:35 pm

ചെന്നൈ: തമിഴ്‌നാട് വെള്ളപ്പൊക്ക ദുരന്തത്തില്‍ പകച്ച് നില്‍ക്കെ ഫോട്ടോഷൂട്ട് നാടകവുമായി ബി.ജെ.പി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിലെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയാണ് ദുരന്തസമയത്തും രാഷ്ട്രീയ നാടകവുമായെത്തിയത്.

വെള്ളം കയറിയ പ്രദേശങ്ങളിലേക്ക് ബോട്ടിലൂടെയെത്തിയ നേതാവ് ജനങ്ങളോട് താന്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിവിധ ആംഗിളില്‍ ചിത്രീകരിക്കണമെന്ന് ക്യാമറാമാനോട് ആവശ്യപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഇവിടെ മുട്ടിന് താഴെ മാത്രമാണ് വെള്ളമുള്ളത്.

ദൃശ്യത്തിന് വിശ്വാസ്യത ലഭിക്കാന്‍ അണ്ണാമലൈയ്ക്ക് പിന്നിലായി വെള്ളത്തില്‍ നില്‍ക്കുന്നവരോട് മാറി നില്‍ക്കാന്‍ പറയുന്നതും വ്യക്തമാണ്.

പാര്‍ട്ടി സഹപ്രവര്‍ത്തകന്‍ കാരു നാഗരാജനൊപ്പമാണ് അണ്ണാമലൈ ചെറിയ വെള്ളക്കെട്ടുള്ള പ്രദേശത്തെത്തിയത്.

അതേസമയം തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വെള്ളത്തില്‍ മുങ്ങിയ ചെന്നൈയില്‍ 2015ലെ വെള്ളപ്പൊക്കം ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞു ശ്രമിക്കുകയാണ്.

തമിഴ്‌നാടിന്റെ വടക്കന്‍ ജില്ലകളായ ചെന്നൈ, കാഞ്ചീപുരം, കടലൂര്‍, വിഴുപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, റാണി പേട്ട, വേലൂര്‍, തിരുപത്തൂര്‍, നാഗപട്ടണം, മയിലാടുതുറ, കള്ള കുച്ചി, തിരുവണ്ണാമല, സേലം ജില്ലകളിലാണ് ഏറ്റവുമധികം മഴ പെയ്തത്.

വ്യാഴവും വെള്ളിയും 14 ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും ഏഴു ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.


ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Chennai in the midst of floods; BJP president with photoshoot