| Monday, 23rd January 2017, 12:01 pm

ജെല്ലിക്കെട്ട് സമരം അക്രമാസക്തമാകുന്നു: ചെന്നൈയില്‍ സമരക്കാര്‍ പൊലീസ് സ്റ്റേഷന് തീയിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് സമരം അക്രമാസക്തമാകുന്നു. സമരക്കാരെ ഒഴിപ്പിക്കാനുള്ള പൊലീസ് നീക്കത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന് തീയിട്ടു.

മെറീന ബീച്ചിന് തൊട്ടടുത്തുള്ള ഐസ് ഹൗസ് പൊലീസ് സ്റ്റേഷനാണ് തീയിട്ടത്. സ്‌റ്റേഷനിലെത്തിയ സമരക്കാര്‍ പൊലീസ് സ്റ്റേഷനു മുകളില്‍ പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു.

ഇതോടെ സമരക്കാര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജു നടത്തി. അക്രമത്തില്‍ പൊലീസുകാര്‍ക്കും ജെല്ലിക്കെട്ട് സമരക്കാര്‍ക്കും പരുക്കേറ്റു. ഐസ് ഹൗസ് പൊലീസ് സ്റ്റേഷന് അകത്തുണ്ടായിരുന്നവര്‍ക്കും അക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്.


Must Read: പൊലീസ് ആസ്ഥാനത്ത് ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുമെന്ന് വെല്ലുവിളിച്ച ഐ.ജി സുരേഷ് രാജ് പുരോഹിത് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് 


ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചുകൊണ്ട് മറീന ബീച്ചില്‍ ഒത്തുകൂടിയവരെ ഒഴിപ്പിക്കാനുള്ള പൊലീസ് നീക്കമാണ് സമരത്തെ അക്രമാസക്തമാക്കിയത്.

പൊലീസ് നീക്കത്തെ പ്രതിരോധിച്ച സമരക്കാര്‍ കടലിലേക്കു ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ചിലര്‍ കടലിലേക്ക് ഇറങ്ങുകയും ചെയ്തു. അതിനിടെ ചിലരെ പൊലീസ് ബലം പ്രയോഗിച്ച് സ്ഥലത്തുനിന്നും മാറ്റുകയും ചെയ്തു.

ഇതോടെ ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. പൊലീസിനുനേരെ സമരക്കാര്‍ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ ഒഴിപ്പിക്കാനായി പൊലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. കല്ലേറില്‍ അഞ്ചുപൊലീസുകാര്‍ക്ക് പരുക്കേറ്റു.

അതിനിടെ, കൂടുതല്‍ പേര്‍ ഒത്തുകൂടുന്നത് തടയാന്‍ മറീന ബീച്ചിലേക്കുള്ള വഴി പൊലീസ് ബ്ലോക്കു ചെയ്തിരിക്കുകയാണ്. എന്നാല്‍ കടല്‍ മാര്‍ഗം പ്രക്ഷോഭകര്‍ ബീച്ചിലേക്കെത്തുന്നത് പൊലീസിനെ വലച്ചിട്ടുണ്ട്.

ജെല്ലിക്കെട്ട് ബില്‍ പാസാക്കാനായി തമിഴ്‌നാട് നിയമസഭാ സസമ്മേളനം തുടങ്ങി. നിലവില്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനുപകരമായി ബില്‍ അവതരിപ്പിക്കുന്നതോടെ ഇതു നിയമമായി മാറും.

Latest Stories

We use cookies to give you the best possible experience. Learn more