| Tuesday, 4th January 2022, 9:38 am

ഒരു കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസ്; നടന്‍ വിശാലിന് 500 രൂപയുടെ പിഴ ശിക്ഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: നികുതി വെട്ടിപ്പ് കേസില്‍ കോടതിയില്‍ നിരന്തരം ഹാജരാകാതിരുന്ന നടന്‍ വിശാലിനെതിരെ കോടതിയുടെ പിഴ ശിക്ഷ. ചെന്നൈ എഗ്മോര്‍ കോടതിയാണ് 500 രൂപ പിഴ വിശാലിന് ചുമത്തിയത്.

2016ല്‍ ആദായനികുതി വകുപ്പ് അധികൃതര്‍ വിശാലിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ ഒരു കോടിയോളം രൂപ നികുതി അടച്ചിട്ടില്ലെന്നതിന്റെ രേഖകള്‍ കണ്ടെത്തിയിരുന്നു. മുമ്പ് ജി.എസ്.ടി അടക്കാത്തതുമായി ബന്ധപ്പെട്ട കേസില്‍ നേരിട്ട് ഹാജരാകാന്‍ നടന്‍ വിശാലിന് അധികൃതര്‍ 10 തവണ സമന്‍സ് അയച്ചിരുന്നു.

എന്നാല്‍ 10 തവണയും വിശാല്‍ നേരിട്ട് കോടതിയില്‍ ഹാജരായിട്ടില്ല. തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് ചെന്നൈ എഗ്മോര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

വിചാരണ പൂര്‍ത്തിയായതിന് പിന്നാലെയാണ് കേസില്‍ ഹാജരാകാതിരുന്ന വിശാലിന് 500 രൂപ പിഴ ചുമത്തി ചെന്നൈ എഗ്മോര്‍ കോടതി ഉത്തരവിട്ടത്.

വിശാല്‍ തന്റെ നിര്‍മ്മാണക്കമ്പനിയിലെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ആദായ നികുതി ഇനത്തില്‍ പണം പിടിച്ചെങ്കിലും അത് ആദായനികുതി വകുപ്പില്‍ അടച്ചിരുന്നില്ല. അഞ്ച് വര്‍ഷത്തോളം ഇത്തരത്തില്‍ ജീവനക്കാരില്‍ നിന്ന് കമ്പനി പണം പിടിച്ചിരുന്നു.

തുടര്‍ന്ന് ആദായ നികുതി നടത്തിയ പരിശോധനയിലാണ് വിശാല്‍ നികുതിയടച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. അതേസമയം തന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കിലാണ് താരം.

വീരമേ വാഗൈ സൗദം എന്നാണ് വിശാലിന്റെ പുതിയ ചിത്രത്തിന്റെ പേര് വിശാലും ഡിംപിള്‍ ഹയാതിയും അഭിനയിക്കുന്ന ചിത്രത്തില്‍ യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more