Advertisement
Sports News
ചെന്നൈ ക്യാപ്റ്റന് എട്ടിന്റെ പണി; മുന്നിലുള്ളത് നിര്‍ണായക ഘട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 12, 08:34 am
Thursday, 12th September 2024, 2:04 pm

ദുലീപ് ട്രോഫിയില്‍ ഇന്ത്യ സിയും ഇന്ത്യ ബിയും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. അനന്തപൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബി ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ സിക്ക് വമ്പന്‍ തിരിച്ചടിയാണ് തുടക്കത്തില്‍ ഉണ്ടായത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനെ റിട്ടയേര്‍ഡ് ഹേര്‍ട് ആയി ടീമിന് നഷ്ടപ്പെടുകയായിരുന്നു. മുകേഷ് കുമാറിന്റെ ആദ്യ പന്തില്‍ ബൗണ്ടറി നേടിയെങ്കിലും രണ്ടാം പന്ത് ദേഹത്ത് കൊണ്ട് മത്സരത്തില്‍ നിന്നും പുറത്തു പോകാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു താരം.

ദുലീപ് ട്രോഫി ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ഡിക്കെതിരെ ഇന്ത്യ സി നാല് വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു. രണ്ട് ഇന്നിങ്‌സില്‍ നിന്നായി ഗെയ്ക്വാദ് 5, 46 എന്നീ റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ സ്‌ക്വാഡില്‍ ഇടം നേടണമെങ്കില്‍ ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്.

എന്നാല്‍ താരത്തിന് നിര്‍ണായക പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലായിരുന്നു. ആദ്യ ടെസ്റ്റ് സ്‌ക്വാഡില്‍ ഗെയ്ക്വാദിനെ പരിഗണിച്ചില്ലായിരുന്നു. ഇപ്പോള്‍ മികവ് പുലര്‍ത്താനുള്ള അവസരം ആംഗിള്‍ പരിക്ക് കാരണം താരത്തിന് നഷ്ടപ്പെട്ടിരിക്കുകയാണ്.

മാത്രമല്ല ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ക്യാപ്റ്റനാണ് ഋതുരാജ് ഗെയ്ക്വാദ്. പതിനേഴാം സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് എം.എസ്. ധോണി ഗെയ്ക്വാദിന് ക്യാപ്റ്റന്റെ ആംബാന്‍ഡ് നല്‍കിയിരുന്നു.

നിലവില്‍ ദുലീപ് ട്രോഫി പുരോഗമിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് ഇന്ത്യ സി നേടിയത്. ക്രീസില്‍ ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ച്വറി നേടി മിന്നും ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. 49 പന്തില്‍ നിന്ന് ഒരു സിക്‌സറും ഏഴ് ഫോറും അടക്കം 50 റണ്‍സാണ് താരം നേടിയത്.

ഓപ്പണര്‍ സായി സുദര്‍ശന്‍ 75 പന്തില്‍ നിന്ന് എട്ട് ഫോര്‍ അടക്കം 43 റണ്‍സ് നേടി പുറത്താകുകയായിരുന്നു. പിന്നീട് ഇറങ്ങിയ രജത് പാടിദര്‍ 67 പന്തില്‍ എട്ട് ഫോര്‍ അടക്കം 40 റണ്‍സും നേടി.

 

Content Highlight: Chennai Captain In Big Set Back In Duleep Trophy