ചെന്നൈ: ആഗസ്റ്റ് 15 മുതല്‍ ചെന്നൈ നഗരത്തില്‍ പ്ലാസ്റ്റിക്കിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നു. 40 മൈക്രോണ്‍സില്‍ കുറവുള്ള പ്ലാസ്റ്റിക് വസ്തുക്കളാണ് നിരോധിക്കുന്നത്. നഗരത്തില്‍ നിരോധനം നിലവിലുണ്ടെങ്കിലും പ്ലാസ്റ്റിക് ഉപഭോഗം കുറയുന്നില്ല എന്നതിനാലാണ് നടപടികള്‍ ശക്തമാക്കാനുള്ള തീരുമാനത്തില്‍ കോര്‍പറേഷന്‍ എത്തിയിരിക്കുന്നത്.
ദിവസവും 429 ടണ്‍ പ്ലാസ്റ്റികാണ് നഗരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ ദല്‍ഹിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ. സ്റ്റിറോ ഫോം കപ്പുകളും പ്ലേറ്റുകളും, തെര്‍മോകോള്‍ കപ്പുകളും പ്ലേറ്റുകളും, അലൂമിനിയം പ്ലേറ്റുകള്‍ തുടങ്ങിയവയും ഘട്ടം ഘട്ടമായി നിരോധിക്കാനും കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നുണ്ട്. പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം സഞ്ചികളും പേപ്പറുകളും ഉപയോഗിക്കാനാണ് കോര്‍പറേഷന്‍ അധികൃതര്‍ ജനങ്ങളോട് നിര്‍ദ്ദേശിക്കുന്നത്.
അതേസമയം ഈ തീരുമാനത്തെ സാമൂഹ്യപ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു. അതേസമയം ചെന്നൈയിലെ പ്ലാസ്റ്റിക് കമ്പനികള്‍ നിരാശയിലാണ്. സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം പ്രാവര്‍ത്തികമാകില്ലെന്നാണ് അവരുടെ പക്ഷം. മറ്റു പ്രശ്‌നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും അവര്‍ ആരോപിക്കുന്നു.