| Monday, 24th December 2018, 4:47 pm

ചെങ്ങറ: ഇന്ത്യക്കകത്തെ ഇന്ത്യക്കാരല്ലാത്തവര്‍

ജംഷീന മുല്ലപ്പാട്ട്

അടിസ്ഥാന ജനതയുടെ ഭൂമി-വിഭാവാധികാര രാഷ്ട്രീയത്തെ കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ സ്ഥാപിക്കുന്നത് ചെങ്ങറ ഭൂസമരമാണ്. ഭൂപരിഷ്‌ക്കരണാനന്തരം കോളനികളിലേയ്ക്കും പുറംമ്പോക്കുകളിലേയ്ക്കും തള്ളപ്പെട്ട ജനതയുടെ സാമൂഹിക യാഥാര്‍ത്യങ്ങള്‍ ചെങ്ങറ
സമരത്തിലൂടെ കൂടുതല്‍ ദൃശ്യമായി. എന്നാല്‍ 12 വര്‍ഷത്തില്‍ എത്തി നില്‍ക്കുന്ന ചെങ്ങറ സമരഭൂമി പറയാനുള്ളത് നിരന്തരമായ അവഗണനയുടേയും ഭരണഘടനാപരമായ അവകാശ നിഷേധങ്ങളുടേയും കഥകളാണ്.

127 ആളുകളോളം ചെങ്ങറ സമരഭൂമിയില്‍ മരിച്ചിട്ടുണ്ട്. അവര്‍ക്ക് ഒരു തുണ്ടു ഭൂമി ഉണ്ടായിരുന്നെങ്കില്‍ അവരെ അവിടെ അടക്കം ചെയ്‌തേനെ. എന്തുകൊണ്ട് ഞങ്ങള്‍ക്ക് ഭൂമി തന്നൂട. കേരളത്തില്‍ ഭൂമിയില്ലേ? കാലമൊക്കെ ഒരുപാട് മാറി. ഞങ്ങള്‍ ഇങ്ങനെ ജീവിച്ചു. എന്നാല്‍ ഞങ്ങളുടെ അടുത്ത തലമുറയ്ക്ക് ഇവിടെ ജീവിക്കണം. ഒറ്റമുറി വീട്ടിലാണ് ആളുകള്‍ ഇവിടെ താമസിക്കുന്നത്.

പത്തനംതിട്ട സമ്പൂര്‍ണ സാക്ഷര ജില്ലയാണെന്നു പറയുന്നു. ഈ സമരഭൂമിയില്‍ 600 കുടുംബങ്ങളുണ്ട്. ഇവിടെ സാക്ഷരത പഠിപ്പിക്കാന്‍ ആരും വന്നിട്ടില്ല. സമ്പൂര്‍ണ ഒ.ഡി.സി ജില്ലയായി ഇവിടെ എത്ര പേര്‍ക്ക് കക്കൂസുകളുണ്ട്. ആര്‍ക്കും ഒരു ശുചിമുറി ഇവിടെയില്ല. ഒരു വീട്ടിലും വൈദ്യുദീകരണം നടത്തിയിട്ടില്ല. വൈദ്യുത മന്ത്രി ഞങ്ങള്‍ക്ക് വാക്ക് തന്നതായിരുന്നു. ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല.

“കുറേ അവഹേളനം മാത്രമാണ് 12 വര്‍ഷത്തെ സമരം കൊണ്ട് ഞങ്ങള്‍ക്ക് ലഭിച്ചത്. സെക്രട്ടേറിയറ്റ്, കലക്ട്രേറ്റ്, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, ഗോത്ര കമ്മീഷന്‍ ഓഫീസ് എന്നിവ നിരന്തരം കയറിയിറങ്ങി. 30 കേസുകളോളം ഞങ്ങള്‍ക്കുണ്ട്. ഇതെല്ലാതെ സര്‍ക്കാരില്‍ നിന്നും ഞങ്ങള്‍ക്ക് ഒന്നും കിട്ടിയിട്ടില്ല. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ആരുടെ കൂടെയും ഞങ്ങള്‍ നില്‍ക്കുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഇവിടുത്തെ 600 കുടുംബങ്ങളും അവര്‍ക്ക് വോട്ട് ചെയ്യും. തെരഞ്ഞെടുപ്പു ഇനിയും വന്നുപോകും.

ചെങ്ങറ കണ്ടില്ലെന്നു നടിക്കേണ്ട. ചെങ്ങറ ചെങ്ങറയാണ്. ഒരുപാട് സത്യങ്ങളുണ്ട്. ഇവിടുത്തെ ഹാരിസണ്‍സിന്റെ ഗോഡൗണില്‍ സമരം നടക്കുമ്പോള്‍ എത്ര പേര്‍ മരിച്ചിട്ടുണ്ടെന്നും ഏതെല്ലാം സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും എന്തെല്ലാം അവിടെ സംഭാവിച്ചിട്ടുണ്ടെന്നും ഇവിടുത്തെ സര്‍ക്കാറിനറിയാം. എന്തുകൊണ്ട് അവര്‍ ഒന്നും വെളിയില്‍ വിടുന്നില്ല. എന്തുകൊണ്ട് 12 വര്‍ഷമായി ഞങ്ങളുടെ കാര്യങ്ങള്‍ പരിഹരിക്കുന്നില്ല”- ചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്ന സുകുമാരന്‍ പനവേലി പറയുന്നു.

“12 വര്‍ഷങ്ങള്‍ കൊണ്ട് ഒരുപാട് കഷ്ടതകള്‍ ഞങ്ങള്‍ അനുഭവിച്ചു. ഇന്നുവരെ ഒരു രാഷ്ട്രീയക്കാരും ഞങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല”- ചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്ന എസ്.അച്യുതന്‍ പറയുന്നു.

“സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഒരു പ്ലാസ്‌റിക് ഷെഡിലോ ഓല ഷെഡിലോ ആണ് ഇവിടെ ആളുകള്‍ ജീവിക്കുന്നത്. ഞങ്ങളുടേതായ സ്വകാര്യ കാര്യങ്ങള്‍ നന്നായി ചെയ്യാന്‍ പറ്റുന്നില്ല. ഞങ്ങള്‍ തുറസായ സ്ഥലത്താണ് മലമൂത്ര വിസര്‍ജനം നടത്തുന്നത്. പ്രളയം ഉണ്ടായ സമയത്തും ഒരുപാട് രോഗങ്ങള്‍ വന്നപ്പോഴും ആരും ഞങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല”- ചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്ന രാധ പറയുന്നു.

“12 വര്‍ഷമായി ഇവിടുത്തെ ആര്‍ക്കും വോട്ടര്‍ ഐ.ഡി കാര്‍ഡും റേഷന്‍ കാര്‍ഡും ഇല്ല. 18 വയസുവരെയുള്ള കുട്ടികളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്നുണ്ട്. എന്നാല്‍ ചെങ്ങറ സമരഭൂമിയിലെ ഒരു കുട്ടിക്കും സര്‍ക്കാര്‍ ചികിത്സാ സഹായം ലഭിക്കുന്നില്ല. ഞങ്ങള്‍ എന്താ
ഇവിടുത്തെ പൗരന്മാര്‍ അല്ലേ? ഒരു അംഗണവാടി പോലും ഇവിടെയില്ല. 2012ല്‍ ഇവിടെ അംഗണവാടിക്ക് അനുമതി ലഭിച്ചതാണ്. എന്നാല്‍ പഞ്ചായത്ത് അതികൃതര്‍ അത് നിര്‍ത്തലാക്കി.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഓര്‍ഡര്‍ ഉണ്ടായിരുന്നു ചെങ്ങറ സമര ഭൂമിയിലെ കാര്യങ്ങള്‍ നടപ്പിലാക്കാന്‍. പക്ഷേ അവര്‍ എത്ര കുടുംബങ്ങള്‍ ഇവിടെയുണ്ടെന്ന അന്വേഷണം മാത്രമാണ് നടത്തിയത്. എല്ലാവരും തടസ്സം പറയുന്നത് ഇത് ഹാരിസണ്‍സിന്റെ ഭൂമിയാണ് എന്നാണ്. ഹൈക്കൊടതിയുടെ ഓര്‍ഡര്‍ ഉണ്ട്, ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുത് എന്നാണ്. ഇങ്ങനെ ഒരു പ്രശ്‌നമാണെങ്കില്‍ ഹാരിസണ്‍സ് വിദേശ കുത്തക കമ്പനിയാണെന്നും ഇന്ത്യയിലെ ഭൂമി കയ്യടക്കി വെക്കാന്‍ അവര്‍ക്ക് അവകാശമില്ലെന്നു എല്ലാവര്‍ക്കും അറിയാവുന്നതാണ്”- ചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്ന ടി.ആര്‍ ശശി പറയുന്നു.

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം