സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയുടെ ചിത്രമുള്ള പോസ്റ്റ് ഷെയര്‍ ചെയ്തു; ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പിക്ക് സ്ഥലമാറ്റം
Chengannur By-Election 2018
സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയുടെ ചിത്രമുള്ള പോസ്റ്റ് ഷെയര്‍ ചെയ്തു; ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പിക്ക് സ്ഥലമാറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th March 2018, 10:14 am

പത്തനംതിട്ട: ചെങ്ങന്നൂരിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയുടെ ചിത്രമുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി അനീഷ് വി കോരയെ സ്ഥലം മാറ്റി. കായംകുളത്തേക്കാണ് സ്ഥലം മാറ്റം.

സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായ സജി ചെറിയാന്റെ ചിത്രമുള്ള പോസ്റ്റ് കഴിഞ്ഞ ദിവസമാണ് അനീഷ് ഷെയര്‍ ചെയ്തത്. തെരഞ്ഞടുപ്പ് സമയത്ത് നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് തേടിയെന്ന  പരാതിയെ തുടര്‍ന്നാണ് നടപടി.

ഇത് സംബന്ധിച്ച് ബി.ജെ.പിയും ജില്ലാ കോണ്‍ഗ്രസ് നേതൃത്വവും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. കായംകുളം ഡി.വൈ.എസ്.പി ബിനുവിനാണ് ചെങ്ങന്നൂരിന്റെ ചുമതല.  പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് അനീഷ് പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.

അതേ സമയം ചെങ്ങന്നൂരില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് സാധ്യത. സി.പി.ഐ.എം സ്ഥനാര്‍ത്ഥിയായി സജി ചെറിയാനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയകുമാറും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി അഡ്വ:പി.എസ് ശ്രീധരന്‍പിള്ളയുമാണ് മത്സരിക്കുന്നത്.