ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി തിരിച്ചടി പ്രതീക്ഷിച്ചിരുന്നുവെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള്ള. മറ്റ് സ്ഥാനാര്‍ത്ഥികള്‍ വലിയ അവകാശവാദങ്ങള്‍ ഉന്നയിച്ചപ്പോള്‍ താന്‍ അതിന് മുതിരാതിരുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ കക്ഷിയായി മാറിയ തിരുവന്‍വണ്ടൂരില്‍ എന്ത് സംഭവിച്ചുവെന്ന് വിശദമായ പഠനം നടത്തണം. അവിടെ കോണ്‍ഗ്രസ് ദുര്‍ബലമായിരുന്നു. കോണ്‍ഗ്രസ് വോട്ടുകള്‍ ഇടത് മുന്നണിക്ക് മറിച്ചുകൊടുത്തു. ജനങ്ങളുടെ വോട്ടുകള്‍ സ്ഥായിയല്ല. പഞ്ചായത്തില്‍ രണ്ട് മുന്നണികള്‍ ഒരുമിച്ച് നില്‍ക്കുമ്പോള്‍ ജനങ്ങള്‍ അവരെ പിന്തുണച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയമായി വലിയ മാറ്റങ്ങളുണ്ടായി. എസ്.എന്‍.ഡിപി യോഗത്തിന് അവരുടേതായ തീരുമാനമെടുക്കാന്‍ അധികാരമുണ്ട്. പക്ഷേ അതെല്ലാം ബി.ജെ.പിയുടെ വോട്ടുകളെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ വോട്ടുനിലയിലാണ് വലിയ കൊഴിഞ്ഞുപോക്ക് ഉണ്ടായത്. അവസാന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ചെങ്ങന്നൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്ക് സജി ചെറിയാന്‍ നീങ്ങുകയാണ്. വോട്ടെണ്ണല്‍ എട്ടാം റൗണ്ടിലാണ് ഇപ്പോള്‍.
അതേസമയം ഇത്രയും വലിയ ഭൂരിപക്ഷം തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു സജിചെറിയാന്‍ പറഞ്ഞത്. ജനങ്ങള്‍ തനിക്ക് നല്‍കിയ പിന്തുണ വെറും വ്യക്തിപരമായ പിന്തുണയല്ല. പിണറായി സര്‍ക്കാരിന് നല്‍കുന്ന പിന്തുണയാണ്. ഇടതുസര്‍ക്കാരിനെ വിലയിരുത്തുന്ന നിലയിലുള്ള ഭൂരിപക്ഷമാണ് ഇത്. രാഷ്ട്രീയം മറന്ന് എല്ലാവരും ഇടതുപക്ഷത്തിനൊപ്പം അണിനിരന്നുവെന്നും അദ്ദേഹം പറഞ്ഞു.
കണക്കുകൂട്ടലിന് അപ്പുറം ജനങ്ങള്‍ ഒപ്പം നിന്നു. രാഷ്ട്രീയത്തിന് അതീതമായാണ് ഞങ്ങള്‍ വോട്ട് ചോദിച്ചത്. ഒരു രാഷ്ട്രീയവും നോക്കാതെ വരുന്ന മൂന്ന് വര്‍ഷം അവരുടെ ജനപ്രതിനിധിയായി ഞാന്‍ അവരെ സേവിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. ഞാന്‍ നല്‍കിയ ഉറപ്പില്‍ അവര്‍ എനിക്ക് വോട്ട് ചെയ്ത് വാക്കുപാലിച്ചു. ഇനി ഞാന്‍ നല്‍കിയ വാക്കും പാലിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.