തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ കേരള കോണ്‍ഗ്രസ് എമ്മുമായുള്ള ബന്ധത്തിന് പ്രസക്തിയില്ലെന്ന് തെളിഞ്ഞതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കെ.എം മാണിയോടുള്ള സി.പി.ഐ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” മാണി യു.ഡി.എഫില്‍ പോയി. ഇനി ആ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ല. മാണിയോടുള്ള നിലപാടില്‍ മാറ്റമില്ല.”
ചെങ്ങന്നൂരിലെ വിജയം എല്‍.ഡി.എഫിനുള്ള അംഗീകാരമാണെന്നും കാനം പറഞ്ഞു. മാണിയുടെ പിന്തുണയില്ലാതെ എല്‍.ഡി.എഫിന് ജയിക്കാനായതായി കാനം നേരത്തെയും അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം കേരള കോണ്‍ഗ്രസിനെ എല്‍.ഡി.എഫിലെടുക്കണമെന്ന നിലപാടില്‍ തന്നെയാണ് സി.പി.ഐ.എം നേതൃത്വം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വന്‍ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഒന്നൊഴിയാതെ മണ്ഡലത്തില്‍ അങ്ങോളമിങ്ങോളം ഇടതുതരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പില്‍ 20956 വോട്ടുകള്‍ക്കായിരുന്നു എല്‍.ഡി.എഫിന്റെ വിജയം.
കോണ്‍ഗ്രസ്സിന് മുന്‍തൂക്കമുള്ള പ്രദേശങ്ങളില്‍ പോലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വലിയ മുന്നേറ്റം നടത്തിയിരുന്നു. യു.ഡി.എഫിന് മുന്‍തൂക്കമുള്ള മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലും എല്‍.ഡി.എഫിനാണ് ഇത്തവണ ഭൂരിപക്ഷമുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച 7983 വോട്ട് ഭൂരിപക്ഷമാണ് എല്‍.ഡി.എഫ് ഇത്തവണ 20,956 ആയി ഉയര്‍ത്തിയത്.
WATCH THIS VIDEO: