ആലപ്പുഴ: മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമായ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിനെ മറികടന്ന പോളിങ്ങാണ് ഉപതെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തയത്. 76.8 ശതമാനം പോളിങ്ങാണ് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നടന്നത്.
2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തില്‍ പോളിങ് ശതമാനം 74.36 ആയിരുന്നു. അന്നുണ്ടായിരുന്ന 195493 വോട്ടര്‍മാരില്‍ 143363 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. അന്നു ജില്ലയിലെ ശരാശരി പോളിങ് 79.88 ശതമാനമായിരുന്നു. 2014ലെ ലോകസഭ പൊതുതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പോളിങ് 67.73 ശതമാനവും ജില്ലയിലെ ശരാശരി 76.83 ശതമാനവുമായിരുന്നു. 2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 71.18ശതമാനവും 2009ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ 67.67 ശതമാനവും ആയിരുന്നു മണ്ഡലത്തിലെ പോളിങ്. അന്നു ജില്ലയിലെ ശരാശരി പോളിങ് യഥാക്രമം 79.11ശതമാനവും 77.17 ശതമാനവും ആയിരുന്നു.
രാവിലെ മുതല്‍ മണ്ഡലത്തില്‍ എമ്പാടും മഴയായിരുന്നു. രാവിലെ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാനും വോട്ട് രേഖപ്പെടുത്തി. മണ്ഡലത്തില്‍ വോട്ടില്ലാത്ത ബി.ജെ.പി സ്ഥാനാര്‍ഥി പി.എസ് ശ്രീധരന്‍പിള്ള രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ട് ചെയ്യാന്‍ എത്തിയ വോട്ടര്‍മാരെ നേരിട്ട് കാണാനെത്തി.
നേരിയ വാക്കേറ്റങ്ങളും ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്കുണ്ടായ തകരാറും ഒഴിച്ചു നിര്‍ത്തിയാല്‍ കാര്യമായ പ്രശ്‌നങ്ങളില്ലാതെയാണ് പോളിങ് അവസാനിച്ചത്. എന്നാല്‍ കൂടിയ പോളിങ് ആരെ തുണക്കുമെന്ന് കണ്ട് തന്നെയറിയണം. 31നാണ് വോട്ടെണ്ണല്‍.
സി.പി.ഐ.എമ്മിലെ കെ.കെ. രാമചന്ദ്രന്‍ നായരുടെ വിയോഗത്തെ തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍, സീറ്റ് നിലനിര്‍ത്താന്‍ എല്‍.ഡി.എഫും തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും ചരിത്രം മാറ്റാന്‍ എന്‍.ഡി.എയുമാണ് ഏറ്റുമുട്ടിയത്.