ചെങ്ങന്നൂര്‍: കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ എല്‍.ഡി.എഫും ബി.ജെ.പിയും ഒന്നിച്ചെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാര്‍. കോണ്‍ഗ്രസിന് വീഴ്ചപറ്റിയെന്നും താഴേത്തട്ടില്‍ പ്രതിരോധിക്കാന്‍ ആളുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. വീഴ്ചയുടെ കാരണം പാര്‍ട്ടി നേതൃത്വം ആലോചിക്കണമെന്നും തോല്‍വി സമ്മതിച്ച് വിജയകുമാര്‍ പറഞ്ഞു.
ജനവിധി അംഗീകരിക്കുന്നുവെന്നും പൂര്‍ണമായ ഫലം വന്നശേഷം പരിശോധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇത്രയും വലിയ ഭൂരിപക്ഷം തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു സജിചെറിയാന്‍ പറഞ്ഞത്. ജനങ്ങള്‍ തനിക്ക് നല്‍കിയ പിന്തുണ വെറും വ്യക്തിപരമായ പിന്തുണയല്ല. പിണറായി സര്‍ക്കാരിന് നല്‍കുന്ന പിന്തുണയാണ്. ഇടതുസര്‍ക്കാരിനെ വിലയിരുത്തുന്ന നിലയിലുള്ള ഭൂരിപക്ഷമാണ് ഇത്. രാഷ്ട്രീയം മറന്ന് എല്ലാവരും ഇടതുപക്ഷത്തിനൊപ്പം അണിനിരന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Also : താമര വാടുന്നു; ഉപതെരഞ്ഞെടുപ്പു നടക്കുന്ന നാലില്‍ മൂന്ന് ലോക്‌സഭാ സീറ്റുകളിലും ബി.ജെ.പിക്ക് തിരിച്ചടി
കണക്കുകൂട്ടലിന് അപ്പുറം ജനങ്ങള്‍ ഒപ്പം നിന്നു. രാഷ്ട്രീയത്തിന് അതീതമായാണ് ഞങ്ങള്‍ വോട്ട് ചോദിച്ചത്. ഒരു രാഷ്ട്രീയവും നോക്കാതെ വരുന്ന മൂന്ന് വര്‍ഷം അവരുടെ ജനപ്രതിനിധിയായി ഞാന്‍ അവരെ സേവിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. ഞാന്‍ നല്‍കിയ ഉറപ്പില്‍ അവര്‍ എനിക്ക് വോട്ട് ചെയ്ത് വാക്കുപാലിച്ചു. ഇനി ഞാന്‍ നല്‍കിയ വാക്കും പാലിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
181 ബൂത്തകളാണ് ആകെയുള്ളത്. ഇനി എണ്ണാനുള്ള പഞ്ചായത്തുകളെല്ലാം എല്‍.ഡി.എഫിന് മുന്‍തൂക്കമുള്ള പഞ്ചായത്തുകളാണ്. നിലവില്‍ എല്‍.ഡി.എഫ് 11107 വോട്ടിനാണ് മുന്നിട്ട് നില്‍ക്കുന്നത്.