| Wednesday, 28th June 2023, 4:00 pm

ഇരുന്നൂറോളം പടങ്ങളില്‍ അഭിനയിച്ചെങ്കിലും ഡെപ്തുള്ള കഥാപാത്രങ്ങള്‍ ഇവയൊക്കെയായിരുന്നു: ചെമ്പില്‍ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ചതില്‍ ഡെപ്തുള്ള കഥാപാത്രങ്ങള്‍ എന്ന് പറയുന്നത് കയം, വയലിന്‍ എന്നീ സിനിമകള്‍ ഉള്‍പ്പടെ കുറച്ചെണ്ണമേ ഉണ്ടായിരുന്നുള്ളൂ എന്ന് നടന്‍ ചെമ്പില്‍ അശോകന്‍. വേഷങ്ങള്‍ക്ക് വേണ്ടി താന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ സമീപിക്കാറുണ്ടെന്നും, കൈയടി കിട്ടിയ സിനിമകള്‍ ഒരുപാടുണ്ടായിട്ടുണ്ടെങ്കിലും എന്തെങ്കിലും പെര്‍ഫോം ചെയ്യാനുള്ളത് കുറവായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന്റെ ഡേ വിത്ത് എ സ്റ്റാര്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വേഷങ്ങള്‍ക്ക് വേണ്ടി ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ഉള്‍പ്പടെ പലരെയും സമീപിക്കാറുണ്ട്. ഡെപ്തുള്ള വേഷങ്ങള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ഡെപ്തുള്ള വേഷം എന്ന് ഞാന്‍ പറയുന്നത് പെര്‍ഫോം ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ്. 22 വര്‍ഷം നാടകത്തില്‍ ഞാന്‍ അത്തരത്തിലുള്ള ഒരുപാട് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഭാഗ്യദേവത മുതല്‍ ദേശക്കാരന്‍ എന്ന സിനിമ വരെ ഞാന്‍ അഭിനയിച്ചു.

ഇതിനിടയില്‍ ഡെപ്തുള്ള ഒരു വേഷം കിട്ടിയത് കയം എന്ന സിനിമയിലാണ്. കയത്തിലേത് എനിക്ക് മനസുകൊണ്ട് ഭയങ്കരമായി ഇഷ്ടപ്പെട്ട ഒരു വേഷമായിരുന്നു. വിജു രാമചന്ദ്രനായിരുന്നു അതിന്റെ സ്‌ക്രിപ്റ്റ്. ഞാനുമായി ഒരു ബന്ധവും അദ്ദേഹത്തിനില്ലായിരുന്നു. എന്റെ നാടകം കണ്ടിട്ടാണ് ഈ വേഷം എന്നെ ഏല്‍പിച്ചത്. അതില്‍ ഹ്യൂമറും സെന്റിമെന്റലും പാട്ടുമെല്ലാം ഉണ്ട്. ഇന്‍സ്ട്രുമെന്റില്ലാതെയുള്ള ഒരു പാട്ടും ആ സിനിമയിലുണ്ടായിരുന്നു. മോഹന്‍ സിത്താരയായിരുന്നു അതിന്റെ സംഗീത സംവിധായകന്‍.

ഇവിടം സ്വര്‍ഗമാണ് എന്ന സിനിമയിലാണ് പിന്നെ അതുപോലൊരു വേഷം ചെയ്യാന്‍ പറ്റിയത്. തിലകന്‍ ചേട്ടനോടൊപ്പം. ഇനി ഇറങ്ങാനിരിക്കുന്ന ഇറച്ചി എന്ന സിനിമയിലും നല്ലൊരു കഥാപാത്രം ചെയ്യാന്‍ പറ്റി. ഇരുന്നൂറിനടത്ത് സിനിമകള്‍ ഇതിനോടകം ചെയ്തു. അതില്‍ നിന്ന് എണ്ണിപ്പറയാന്‍ പറ്റുന്ന, ഡെപ്തുള്ള കഥാപാത്രങ്ങള്‍ കുറച്ചധികം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. കൈയടി കിട്ടിയ പടങ്ങളൊക്കെ ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും മനസിന് സംതൃപ്തി തരുന്ന കുറച്ചൂടെ കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്.

വിജു രാമചന്ദ്രന്‍ തന്നെ എഴുതിയ അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയായിരുന്നു വയലിന്‍. അതില്‍ ഞാനൊരു നെഗറ്റീവ് കഥാപാത്രമായിരുന്നു. അത് കണ്ട് നാട്ടുകാരൊക്കെ എന്നെ നോക്കി അയ്യേ പറഞ്ഞ അനുഭവമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ തന്നെ മൂന്നാമത്തെ സിനിമയാണ് സ്വര്‍ഗത്തിലെ കട്ടുറുമ്പ്.

സലിംകുമാര്‍ ഹ്യൂമര്‍ ചെയ്തിരുന്ന ആളാണ് അദ്ദേഹം അതില്‍ നിന്ന് മാറി വേറെ വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ഇന്ദ്രന്‍സും സുരാജുമൊക്കെ വേറെ ഴോണറുകള്‍ ചെയ്യാന്‍ തുടങ്ങി. അതേ പോലെ എന്തെങ്കിലുമൊന്ന് എനിക്കും കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്,’ ചെമ്പില്‍ അശോകന്‍ പറഞ്ഞു.

content highlights: Chempil Asokan about characters with depth

Latest Stories

We use cookies to give you the best possible experience. Learn more